നദികളിലെ മണൽഖനനം സാങ്കേതിക കുരുക്കിൽ; മണൽ വാരാൻ അനുമതി നൽകണമെന്ന് ആവശ്യം

കൊല്ലം: നദികളിൽനിന്ന് നിയന്ത്രണങ്ങളോടെ മണൽഖനനം പുനരാരംഭിക്കാനുള്ള നടപടികൾ സാങ്കേതികക്കുരുക്കിൽ. റവന്യൂ വകുപ്പ് അംഗീകാരം നൽകിയ പദ്ധതിക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് ഉടക്കുവച്ചത്. ജിയോളജി വിഭാഗത്തിന്റെ ഉദ്ദേശ്യപത്രംലഭിച്ചാലേ തുടർനടപടികൾ മുന്നോട്ടുപോകൂ.
സാങ്കേതികപ്രശ്നം ഉന്നയിച്ച് അവർ നിഷേധിച്ചതോടെ പദ്ധതി പാതിവഴിയിൽ നിൽക്കുകയാണ്. നിയന്ത്രിത മണൽ ഖനനത്തിന് അനുമതി നൽകണമെന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളിൽനിന്നടക്കം ആവശ്യമുയരുന്ന സാഹചര്യത്തിൽ പദ്ധതി വീണ്ടും ചർച്ചയായിട്ടുണ്ട്.
36 നദികളിൽ നടത്തിയ മണൽ ഓഡിറ്റിങ്ങിൽ 11 ജില്ലകളിലായുള്ള 17 നദികളിൽ ഖനനം ചെയ്യാവുന്ന രീതിയിൽ വൻതോതിൽ മണൽ ശേഖരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി, പെരിയാർ എന്നീ നദികളിലാണ് കൂടുതൽ മണലുള്ളത്.
ആകെ കണ്ടെത്തിയ 464 ലക്ഷം ഘനമീറ്ററിൽനിന്ന് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ 141 ലക്ഷം ഘന മീറ്റർ മണൽഖനനം ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. ഇത്രയും മണൽ നീക്കിയാൽ വെള്ളപ്പൊക്ക സാധ്യത വലിയതോതിൽ കുറയും.
മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കണ്ണൂർ ജില്ലകളുടെ സർവേ റിപ്പോർട്ടിന് സംസ്ഥാനതല പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 25 കടവുകളിൽ റവന്യൂ-സർവേ–ജിയോളജി–ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തി നിർണയം പൂർത്തിയാക്കിയിരുന്നു.
ഉദ്ദേശ്യപത്രം ലഭിക്കാൻ പെരിന്തൽമണ്ണ ആർ.ഡി.ഒ. ജില്ലാ ജിയോളജിസ്റ്റിന് 2024 ജനുവരി 30-നും നവംബർ അഞ്ചിനും അപേക്ഷ സമർപ്പിച്ചു. കേരള ചെറുകിട ധാതുഖനന ചട്ടത്തിൽ, പുഴമണൽ ഖനനം ചെയ്യാൻ താത്‌പര്യപത്രം (ലെറ്റർ ഓഫ് ഇൻഡെന്റ്) നൽകാൻ വ്യവസ്ഥയില്ലെന്ന് പറഞ്ഞാണ് ജിയോളജി വകുപ്പ് ഉദ്ദേശ്യപത്രം, നിഷേധിച്ചത്.
പിന്നീട് കരട് ഭേദഗതി തയ്യാറാക്കി അഡ്വക്കേറ്റ് ജനറലിന് സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികൾ പുരോഗമിച്ചില്ല. 2016-ൽ സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും കർശന പാരിസ്ഥിതിക നിബന്ധനകളെ തുടർന്നാണ് മണൽവാരൽ നിരോധിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പാലിച്ച് മണൽഖനനം പുനരാരംഭിക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിക്കുകയും അംഗീകൃത കൺസൾട്ടന്റുകൾ വഴി ഓരോ ജില്ലയിലും സർവേ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. കടവ് സമിതികളുടെ മേൽനോട്ടത്തിൽ മണൽഖനനത്തിന് അനുമതി നൽകാനായിരുന്നു പരിപാടി.
Content Highlights: Technical disputes between Revenue and Geology departments have stalled sand mining. Sand audit identifies 141 lakh cubic meters of extractable sand across 17 rivers. Controlled mining is proposed as a primary strategy to mitigate flood risks. Legal and regulatory bottlenecks persist regarding the Letter of Intent (LOI) process. Project remains suspended since the 2016 Supreme Court and Green Tribunal bans.