മണൽ ഖനന പദ്ധതി പാളിയതിന് പിന്നിൽ റവന്യൂ, ജിയോളജി വടംവലി; സർക്കാർ ഖജനാവിൽ എത്തുമായിരുന്നത് 200 കോടി

കൊല്ലം: പുഴകളിൽനിന്ന് മണൽവാരാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതി പാളിയതിനുകാരണം റവന്യൂ, ജിയോളജി വകുപ്പുകൾതമ്മിലുള്ള വടംവലി. നദീതീര സംരക്ഷണ നിയമപ്രകാരം കടവുകമ്മിറ്റികൾ വഴി മണൽ ലേലംചെയ്യണമെന്ന നിലപാടിലായിരുന്നു റവന്യൂ വകുപ്പ്. റവന്യൂ വകുപ്പും തദ്ദേശവകുപ്പും ചേർന്നുള്ള മണൽ വാരൽ പദ്ധതിയായിരുന്നു അവർ ആസൂത്രണംചെയ്തത്.
അവസാനഘട്ടത്തിലെത്തിയപ്പോൾ, ലെറ്റർ ഓഫ് ഇൻഡെന്റ് നൽകേണ്ട, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിരാകരിക്കുകയായിരുന്നു. ചെറുകിട ധാതു ഖനനച്ചട്ടത്തിൽ, പുഴമണൽ ഖനനംചെയ്യുന്നതിന് ലെറ്റർ ഓഫ് ഇൻഡെന്റ് നൽകാൻ വ്യവസ്ഥയില്ലെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. പകരം അവർ മറ്റൊരു നിർദേശം മുന്നോട്ടുെവച്ചു. പാറഖനന മാതൃകയിൽ കടവുകൾ ലേലംചെയ്ത്, മണൽവാരലിന് തങ്ങൾ അനുമതി നൽകാമെന്നായിരുന്നു ഇത്. പുതിയ നിർദേശം രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കമായി വളർന്നു. അഭിപ്രായവ്യത്യാസം തീർക്കാൻ കാര്യമായ ശ്രമം ഉണ്ടായതുമില്ല.
മണൽ ഓഡിറ്റിങ്ങിൽ 17 നദികളിൽ 464 ലക്ഷം ക്യുബിക് മീറ്റർ മണലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 141 ലക്ഷം ക്യുബിക് മീറ്റർ മണൽ ഖനനംചെയ്യാം. കോടികൾ വിലവരുന്ന ഈ മണൽശേഖരത്തിൽ ചില വൻകിട ഗ്രൂപ്പുകൾ കണ്ണുെവച്ചിരുന്നതായി സംശയമുണ്ട്. സാങ്കേതിക കാരണം പറഞ്ഞ് ഖനന നീക്കം പൊളിച്ചതിനു പിന്നിൽ ഇത്തരം താത്പര്യമുണ്ടായിരുന്നതായാണ് വിവരം. പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ഏകദേശം 200 കോടി രൂപ ഖജനാവിലെത്തുമായിരുന്നു. 2016-ൽ പുഴമണൽ ഖനനം നിരോധിച്ചശേഷം രണ്ടു പ്രളയങ്ങളിലായി പുഴകളിൽ വന്നടിഞ്ഞ മണൽ നീക്കംചെയ്യാത്തത്, സമീപകാലത്തെ വെള്ളപ്പൊക്കങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നായാണ് വിലയിരുത്തൽ.
Content Highlights: Departmental rift between Revenue and Geology caused the project failure., The state government lost an estimated 200 crore in potential revenue., Legal disagreements over sand extraction methods and Letter of Intent (LOI) led to the stalemate., Failure to clear sediment from 17 rivers is linked to increased flood risks since 2016., Speculation exists regarding private group interests influencing the project's cancellation.