എയിംസും നഴ്സിങ് കോളേജും നിഷേധിക്കുന്നു, അതുകൊണ്ടൊന്നും കേരളം പിന്നോട്ട് പോകില്ലെന്ന് പിണറായി വിജയന്‍

ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയുടെ ശാരദാ കോളേജ് ഓഫ് നഴ്സിങ്‌ മന്ദിരോദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാമകൃഷ്ണമഠം, മിഷൻ എന്നിവയുടെ ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദയുടെ കൈപിടിച്ച് തനിക്കൊപ്പം നിലവിളക്ക് കൊളുത്താൻ ക്ഷണിക്കുന്നു.
ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയുടെ ശാരദാ കോളേജ് ഓഫ് നഴ്സിങ്‌ മന്ദിരോദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാമകൃഷ്ണമഠം, മിഷൻ എന്നിവയുടെ ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദയുടെ കൈപിടിച്ച് തനിക്കൊപ്പം നിലവിളക്ക് കൊളുത്താൻ ക്ഷണിക്കുന്നു.

തിരുവനന്തപുരം: രാജ്യത്താകെ 157 നഴ്സിങ് കോളേജുകള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസിന് അര്‍ഹതയുള്ള സംസ്ഥാനം ഓരോവര്‍ഷവും ആവശ്യപ്പെടുന്നുണ്ടെങ്കിലും ലഭിക്കാതെ പോകുന്നു. എന്നാല്‍, നഴ്സിങ്ങിലും ആരോഗ്യമേഖലയിലും കേരളം പുറകോട്ടു പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആശുപത്രിയുടെ ഭാഗമായ ശ്രീശാരദാ കോളേജ് ഓഫ് നഴ്സിങ്ങിന് നെട്ടയത്ത് നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിപയില്‍ ജീവന്‍ ത്യജിച്ച സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മ ത്യാഗത്തിന്റെ പ്രതീകമാണ്. തൊഴിലിനപ്പുറം നഴ്സിങ്ങിനെ സേവനമായി കാണുന്ന സംസ്‌കാരം കേരളത്തിലുണ്ട്. രാമകൃഷ്ണ പരമഹംസനും സേവനമനോഭാവത്തോടെ സമൂഹത്തില്‍ ഇടപെട്ട ഭാര്യ ശാരദാദേവിയും ജീവകാരുണ്യത്തിന്റെ പ്രതീകങ്ങളാണ്. ആതുരസേവനരംഗത്ത് ശ്രീരാമകൃഷ്ണാശ്രമ സ്ഥാപനങ്ങള്‍ ആ പാത പിന്തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരെ സേവിക്കുന്നതാണ് ദൈവാരാധനയെന്ന് യോഗത്തില്‍ മുഖ്യപ്രസംഗം നടത്തിയ രാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണമിഷന്റെയും ആഗോള അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ പറഞ്ഞു. സേവനവും ത്യാഗവുമാണ് മഠത്തിന്റെ തത്ത്വം. കൊല്‍ക്കത്തയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ സ്വാമി വിവേകാനന്ദന്റെ നിര്‍ദേശപ്രകാരം സിസ്റ്റര്‍ നിവേദിത രോഗീപരിചരണം നടത്തിയിരുന്നു.

അദ്ദേഹത്തിന്റെ ശിഷ്യനായ നിശ്ചയാനന്ദ ഹരിദ്വാറിലും ഋഷികേശിലും ഭിക്ഷയെടുത്താണ് ആതുരസേവനം നടത്തിയത്. അദ്ദേഹം ഋഷികേശില്‍ ഒരു ഷെഡ്ഡില്‍ സ്ഥാപിച്ച ആശുപത്രി ഇന്ന് 200 കിടക്കകളുള്ള ആശുപത്രിയായി വളര്‍ന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ ശബ്ദസന്ദേശം വേദിയില്‍ അവതരിപ്പിച്ചു. ഡല്‍ഹി മഠത്തിലെ സ്വാമി സര്‍വലോകാനന്ദ, ശാസ്തമംഗലം മഠം പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദ, വി.കെ. പ്രശാന്ത് എംഎല്‍എ, കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കൊച്ചുത്രേസ്യാമ്മ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഒ.ബി. കുമാരി ഹരിപ്രിയ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Kerala received no new nursing colleges in the recent central government allocation of 157 colleges.