റേഷൻ തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥരടക്കം 7142 'പാവപ്പെട്ടവർ' പിടിയിൽ, പിഴ 2.09 കോടി

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം| മാതൃഭൂമി
പ്രതീകാത്മക ചിത്രം| മാതൃഭൂമി

കാക്കനാട്: പാവപ്പെട്ടവർക്കുള്ള റേഷൻ ആനുകൂല്യം തട്ടിപ്പിലൂടെ കൈപ്പറ്റിയിരുന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 7142 പേരുടെ മുൻഗണനാ കാർഡുകൾ ജില്ലയിൽനിന്നു സിവിൽ സപ്ലൈസ് പിടിച്ചെടുത്തു. ഇവരുടെ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി, അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ വിലയായ 2.09 കോടി രൂപ ഇവരിൽനിന്ന് ഈടാക്കി സർക്കാരിലേക്ക് അടവാക്കി. 2021 മേയ് മുതൽ 2025 ഡിസംബർ വരെയുള്ള കണക്കാണിത്.

ഇതിൽ സർക്കാർ-അർധ സർക്കാർ-സഹകരണ സംഘം ജീവനക്കാർ, 1000 ചതുരശ്ര അടിക്ക് മുകളിൽ വീട് ഉള്ളവർ, സ്വന്തമായി നാലുചക്ര വാഹനങ്ങൾ ഉള്ളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവർ ഉൾപ്പെടും. ഈ കാലയളവിൽ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളിൽ അർഹമായവരെ പി.എച്ച്.എച്ച്. (പിങ്ക്) വിഭാഗത്തിലേക്കും എ.എ.വൈ. (മഞ്ഞ) വിഭാഗത്തിലേക്കും മാറ്റി.

മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അർഹരായ കാർഡുടമകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. 1000 ചതുരശ്ര അടിയിൽ കുറവ് വിസ്തീർണമുള്ള വീടുള്ളവരും നാലുചക്ര വാഹനം ഇല്ലാത്തവരും ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഇല്ലാത്തവരും ആദായ നികുതി അടയ്ക്കാത്തവരും സർക്കാർ-അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്തവരും ആയിരിക്കണം അപേക്ഷകർ. മുൻഗണനാ കാർഡുകൾ കൈവശം വെച്ച അനർഹരെ കണ്ടെത്തുന്നതിന് കർശന പരിശോധനകൾ നടത്തിവരുന്നതായി അധികൃതർ അറിയിച്ചു. മുൻഗണനാ കാർഡുകൾ കൈവശം വെച്ചിട്ടുള്ള അനർഹരായവർ എത്രയുംപെട്ടെന്ന് അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ റേഷൻ കാർഡുമായി ഹാജരായി റേഷൻ കാർഡ് തരം മാറ്റി നിയമ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് അധികൃതർ അറിയിച്ചു.

മുൻഗണനാ കാർഡിന് അപേക്ഷിക്കാം

മുൻഗണനാ (പിങ്ക്) വിഭാഗത്തിൽ നിലവിൽ വന്നിട്ടുള്ള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് പൊതുജനസേവന കേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 24 വൈകീട്ട് 5 വരെ. ഫോൺ: 0484 - 2422251, 2423359, 9188527321.

Content Highlights: Kerala Civil Supplies seized 7142 priority ration cards from ineligible beneficiaries, including government employees. Find out if you`re eligible and how to apply.