തുടർച്ചയായി മൂന്നുമാസം റേഷൻ വാങ്ങിയില്ല, മുൻഗണനേതര വിഭാഗത്തിലേക്ക് തരംമാറ്റി

#വിസ്‌ന പരമേശ്വരൻ
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

പാലക്കാട്‌: മൂന്നുമാസം തുടർച്ചയായി റേഷൻവാങ്ങാത്തവരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് പൊതുവിതരണവകുപ്പ്. എ.എ.വൈ., മുൻഗണന (പി.എച്ച്.എച്ച്.), സബ്‌സിഡി വിഭാഗങ്ങളിൽനിന്നായി സംസ്ഥാനത്ത് ആകെ 65,072 റേഷൻകാർഡ് ഉടമകളെയാണ് മുൻഗണനേതര വിഭാഗത്തിലേക്ക് തരംമാറ്റിയത്. ആനുകൂല്യങ്ങളുള്ള കാർഡ് കൈവശംവെക്കുകയും സ്ഥിരമായി റേഷൻ വാങ്ങാതിരിക്കുകയും ചെയ്തവരുടെ പട്ടിക തയ്യാറാക്കിയാണ് മുൻഗണനാവിഭാഗത്തിൽ നിന്ന് നീക്കിയത്.

94,02,467 റേഷൻകാർഡുകളാണ് സിവിൽസപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. ഇതിൽ മുൻഗണനാവിഭാഗത്തിൽപ്പെടുന്ന (പി.എച്ച്.എച്ച്.) 53,738 കുടുംബങ്ങൾ റേഷൻ വാങ്ങുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇവരെ പൊതുവിഭാഗം (മുൻഗണനേതര വിഭാഗം എൻ.പി.എൻ.എസ്.) റേഷൻകാർഡിലേക്ക് തരംമാറ്റി.

അന്ത്യോദയ അന്നയോജന (എ.എ.വൈ.) വിഭാഗം റേഷൻകാർഡുകൾ കൈവശം വെച്ചിട്ടുള്ള 7,040 കുടുംബങ്ങളും പൊതുവിഭാഗം സബ്‌സിഡിയുള്ള (എൻ.പി.എസ്.) 4,332 റേഷൻകാർഡ് ഉടമകളും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നില്ല. ഇവരുടെ റേഷൻ കാർഡും പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവുംകൂടുതൽ റേഷൻകാർഡുകൾ തരംമാറ്റപ്പെട്ടത് എറണാകുളം ജില്ലയിലാണ്. ഇവിടെ ആകെ 8,663 റേഷൻകാർഡുകളാണ് മാറ്റിയത്. ഏറ്റവും കുറവ് വയനാട്ടിലാണ്. ഇവിടെ 869 റേഷൻകാർഡുകളും തരംമാറ്റി.

Content Highlights: Kerala`s Civil Supplies department downgraded 65,072 ration cards due to inactivity