റെയർ എർത്ത് കോറിഡോർ: പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെയാകുമോയെന്ന സംശയത്തോടെ കേരളം

#ബിജു പരവത്ത്
mining
mining

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച 'റെയർ എർത്ത് ഇടനാഴി'യെ സംശയത്തോടെ കണ്ട് കേരളം. കേരളത്തിൽ ധാതുഖനനത്തിനും മൂല്യവർധിത ഉത്പന്നങ്ങൾക്കുമായി പ്രത്യേക പദ്ധതി തയ്യാറാക്കിയതിനു പിന്നാലെയാണ് കേന്ദ്രബജറ്റിൽ പുതിയ ഇടനാഴി പ്രഖ്യാപനം ഉണ്ടാകുന്നത്. ഒഡിഷ, ആന്ധ്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഇടനാഴി സ്ഥാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ധാതുഖനനത്തിന് സ്വകാര്യമേഖലയ്ക്ക് അനുമതി നൽകാനുള്ള ശ്രമം മുൻപ് കേന്ദ്രസർക്കാർ നടത്തിയതാണ്. ഇപ്പോഴത്തെ 'റെയർ എർത്ത് ഇടനാഴി' പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെയാകുമോയെന്ന സംശയമാണ് കേരളത്തിനുള്ളത്. 32.435 ദശലക്ഷം ടൺ ധാതുക്കൾ കേരളത്തിന്റെ തീരമേഖലയിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. മോണോസൈറ്റ് മാത്രം 1.9 മില്യൺ ടണ്ണുണ്ട്. ബഹിരാകാശഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ആവശ്യമായ തോറിയം, സ്കാൻഡിയം തുടങ്ങിയ മൂലകങ്ങളും സുലഭമാണ്.

മോണോസൈറ്റ് ഉപയോഗിച്ചുള്ള പൈലറ്റ് പദ്ധതി നടപ്പാക്കാനുള്ള അന്തിമഘട്ടത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ്. ദാവോസിൽ നടന്ന അന്താരാഷ്ട്ര വ്യവസായ ഉച്ചകോടിയിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളിലും ധാതു അടിസ്ഥാനമാക്കിയുള്ള പദ്ധതി നിർദേശങ്ങളുണ്ട്. ഇതെല്ലാം അടിസ്ഥാനമാക്കിയാണ്, വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ 'റെയർ എർത്ത് ഇടനാഴി' എങ്ങനെയാകുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. കേരളത്തിന്റെ ധാതുസമ്പത്ത് ഖനനം ചെയ്തെടുക്കുക എന്നതുമാത്രമാണ് സംഭവിക്കുന്നതെങ്കിൽ സംസ്ഥാനത്തിന് വലിയ ഗുണം ചെയ്യില്ല.

അനുബന്ധവ്യവസായങ്ങൾ കേരളത്തിൽത്തന്നെ ഉണ്ടാകണമെന്നും നിർബന്ധമില്ല. മറ്റുസംസ്ഥാനങ്ങളെക്കൂടി ബന്ധിപ്പിച്ചുള്ള 'ഇടനാഴി' പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യം ഹനിക്കുന്നതാകുമെന്നതാണ് സംശയം.

Content Highlights: Kerala views India`s new Rare Earth Corridor plan with suspicion, fearing it might not benefit the state`s mineral wealth and industrial development