മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി, മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും

തിരുവനന്തപുരം: മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എ.മാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദേശവും നൽകി. രണ്ടുപേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്‌സ്മെന്റ് സംഘവും സ്ഥലത്തുണ്ട്.
Content Highlights: CM V.D. Satheesan holds emergency review meeting on state rain situation., Ministers assigned to camp in districts for relief coordination., Revenue Minister to lead state-level disaster management.