പണം നൽകിയിട്ടും ഭൂമിയില്ല, സംസ്ഥാനത്തെ റെയിൽവേ വികസനം ‘പാളംതെറ്റുന്നു’

പയ്യന്നൂർ: ഭൂമി ഏറ്റെടുക്കലിലെ താമസം മൂലം കേരളത്തിലെ റെയിൽവേ പദ്ധതികൾ വൈകുന്നു. പദ്ധതികൾക്ക് വേണ്ടത് 476 ഹെക്ടർ ഭൂമിയാണ്. എന്നാൽ ഏറ്റെടുത്തത് 65 ഹെക്ടർ (16 ശതമാനം) മാത്രം. 411 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ബാക്കിയുണ്ടെന്ന് റെയിൽവേ മന്ത്രാലയം പറയുന്നു. ഭൂമി ഏറ്റെടുക്കാനായി റെയിൽവേ സംസ്ഥാന സർക്കാരിന് 1,975 കോടി നൽകിയിട്ടുണ്ട്. എന്നാൽ ഭൂമിയേറ്റെടുക്കൽ വേഗത്തിൽ നടക്കുന്നില്ല. അങ്കമാലി-ശബരിമല പുതിയ പാതയ്ക്ക് (110 കി.മി.) വേണ്ടത് 416 ഹെക്ടർ ഭൂമിയാണ്. എന്നാൽ 24 ഹെക്ടർ മാത്രമേ ഏറ്റെടുക്കാനായുള്ളൂവെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു.
2026 ഫെബ്രുവരിയിലെ കണക്കുപ്രകാരം പാളങ്ങൾക്ക് കുറുകെയുള്ള 138 റോഡ് മേൽപ്പാലങ്ങൾ/അടിപ്പാതകൾക്കായി (ആർ.ഒ.ബി./ആർ.യു.ബി.) 4,835 കോടി റെയിൽവേ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ 106 മേൽപ്പാലങ്ങളുടെ നിർമാണവും തുടങ്ങിയില്ല. സ്ഥലമേറ്റെടുത്ത് നൽകാത്തതിനാലാണ് 38 റോഡ് മേൽപ്പാലങ്ങളുടെ പ്രവൃത്തി അനിശ്ചിതത്വത്തിലായത്. അന്തിമ രൂപരേഖയാകാത്തതിനാൽ 63 ഇടങ്ങളിൽ വൈകുന്നു.
റെയിൽവേയുടെ 100 ശതമാനം സഹായധനത്തോടെയുള്ള 39 പുതിയ റോഡ് മേൽപ്പാലങ്ങളും (ആർ.ഒ.ബി.) റോഡ് അടിപ്പാതകളും (ആർ.യു.ബി.) ഇതിൽ ഉൾപ്പെടും. നിർമാണച്ചെലവ് പൂർണമായും റെയിൽവേ വഹിക്കുന്ന പദ്ധതിയിൽ ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകണം. അതിന്റെ വില റെയിൽവേ നൽകും. നിർമാണച്ചെലവ് പങ്കിടൽ (50:50 പദ്ധതി) പ്രവൃത്തിക്ക് അതിന്റെ സ്ഥലം പണം മുടക്കി ഏറ്റെടുത്ത് നൽകേണ്ടതും സംസ്ഥാന സർക്കാറാണ്.
Content Highlights: Only 16% of the required 476 hectares of land acquired for railway projects