അങ്കമാലി-എരുമേലി ശബരിപാത, തീരുമാനം ഉടനെന്ന് റെയിൽവേ

#കെ. ഉണ്ണികൃഷ്ണൻ
Representative Image | Photo: mathrubhumi archives
Representative Image | Photo: mathrubhumi archives

കൊച്ചി: സംസ്ഥാനത്ത് റെയിൽവേ പദ്ധതികളിലെ തടസ്സങ്ങൾ മാറുന്നു. ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കൽ, അങ്കമാലി-എരുമേലി ശബരിപാത, ഗുരുവായൂർ തിരുനാവായ റെയിൽവേ ലൈൻ എന്നീ പദ്ധതികളിൽ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിച്ചു. ചില പദ്ധതികൾ സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. ബജറ്റിനുമുന്നോടിയായി വിവിധ നിർദേശങ്ങൾ ദക്ഷിണ റെയിൽവേ മന്ത്രാലയത്തിൽ സമർപ്പിച്ചുകഴിഞ്ഞു.

23-ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേയുടെ വേദിയിൽ എത്തുന്നുണ്ട്. ചങ്ങനാശ്ശേരി, ഷൊർണൂർ, കുറ്റിപ്പുറം ഉൾപ്പെടെ നവീകരിച്ച സ്റ്റേഷനുകൾ നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ ചില സുപ്രധാന പ്രഖ്യാപനങ്ങളും നടത്തുമെന്നാണ് സൂചന.

കുരുക്കഴിയും തീരദേശപാത

തീരദേശ റെയിൽപ്പാതയിൽ ഇരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ള ഭാഗത്തെ നിർമാണത്തിന് റെയിൽവേ പ്രാഥമിക അനുമതിയായി. ഒരു മാസത്തിനകം അന്തിമാനുമതിയും ഉണ്ടാകും. തുറവൂർ മുതൽ മാരാരിക്കുളം വരെയുള്ള ഭാഗത്തിന് 430 കോടിയും ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തിന് 313 കോടിയുമാണ് എസ്റ്റിമേറ്റ്. 45 കിലോമീറ്ററാണ് ഇവിടെ ഇരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ളത്. എറണാകുളം മുതൽ അമ്പലപ്പുഴ വരെ 69 കിലോമീറ്ററാണ് ദൈർഘ്യം. ഇതിൽ എറണാകുളം മുതൽ തുറവൂർ വരെയുള്ള ഇരട്ടിപ്പിക്കൽ പുരോഗമിക്കുന്നുണ്ട്.

ശബരിയിൽ പ്രതീക്ഷ

കാൽനൂറ്റാണ്ടായിട്ടും നടപ്പാകാത്ത അങ്കമാലി എരുമേലി ശബരിപാതയുടെ ഇപ്പോഴത്തെ തടസ്സം ചെലവ് പങ്കിടുന്നതിലാണ്. വിഴിഞ്ഞം തുറമുഖം വന്നതോടെ ശബരിപാത തിരുവനന്തപുരം വരെ ദീർഘിപ്പിക്കാനുള്ള സർവേയ്ക്ക് കെആർഡിസിഎൽ ശുപാർശ ചെയ്തിട്ടുണ്ട്. പദ്ധതിച്ചെലവ് പങ്കിടുന്നതിൽ രേഖാമൂലം ഉറപ്പുനൽകണമെന്ന റെയിൽവേയുടെ കത്തിന് ഇതുവരെ കേരളം പ്രതികരിച്ചിട്ടില്ല. പദ്ധതിക്കായി 100 കോടി രൂപ മൂന്നുവർഷമായി ബജറ്റിൽ മാറ്റിവെക്കുന്നുണ്ട്. സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കുന്നതിന് നടപടികൾ സംസ്ഥാന സർക്കാരും നടത്തുന്നു.

വീണ്ടും ഗുരുവായൂർ പാത

പദ്ധതിക്ക് തറക്കല്ലിട്ടിട്ട് 30 വർഷം കഴിഞ്ഞ് മരവിപ്പിച്ച ഗുരുവായൂർ-തിരുനാവായ ലൈൻ വീണ്ടും സജീവമാണ്. സംസ്ഥാനത്തെ യാത്രാസമയം കുറയ്ക്കുന്നതിനാലാണ് ഇൗ ലൈൻ പരിഗണനാ പട്ടികയിൽ ഇക്കാലമത്രയും റെയിൽവേ നിലനിർത്തിയത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് പദ്ധതി നിലച്ചത്. ഇപ്പോൾ നഷ്ടപരിഹാരം മെച്ചമായതിനാൽ സ്ഥിതി മാറിയിട്ടുണ്ട്. പദ്ധതി മരവിപ്പിച്ചത് റദ്ദാക്കണമെന്ന് ദക്ഷിണറെയിൽവേ റെയിൽവേ ബോർഡിന് ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ 45 കോടി രൂപ ഇതിന് അനുവദിച്ചിരുന്നു.

Content Highlights: Kerala`s stalled rail projects: Alappuzha Coastal, Angamaly-Erumeli Shabarigiri, Guruvayoor-Tirunavaya lines set for early decisions. Updates expected in Union Budget!