PSC പരീക്ഷാത്തട്ടിപ്പിൽ CPIക്ക് ഭിന്നനിലപാട്; നടക്കുന്നത് വിശ്വാസ്യത വീണ്ടെടുക്കാനുള്ള അന്വേഷണം

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷത്തട്ടിപ്പ് അന്വേഷണത്തിൽ സി.പി.എമ്മിൽനിന്ന് വ്യത്യസ്തമായി സി.പി.ഐ.യുടെ നിലപാട്. പി.എസ്.സി.യുടെ വിശ്വാസ്യത തകർക്കുന്നതല്ല, വിശ്വാസ്യത വീണ്ടെടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് സി.പി.ഐ. വ്യക്തമാക്കുന്നത്. പാർട്ടി മുഖമാസിക നവയുഗത്തിൽ പി.കെ. ഗോപിയുടെ ലേഖനത്തിലാണ് സി.പി.ഐ.യുടെ ഭിന്നസ്വരം. മുതിർന്നനേതാക്കളോട് കൂടിയാലോചിച്ച്, പാർട്ടി നിലപാട് ബോധ്യപ്പെടുത്താനാണ് ലേഖനം നൽകിയതെന്നാണ് വിവരം.
ഭരണസംവിധാനത്തിൽ സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥനിയമനമാണ് നിർഭാഗ്യവശാൽ സംശയത്തിന്റെ കരിനിഴലിലുള്ളതെന്ന് ലേഖനം പറയുന്നു. എന്തുതരം അന്വേഷണമായാലും വേണ്ടില്ല, തെറ്റുസംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനുള്ള നടപടികൾക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിലങ്ങുതടിയാവരുതെന്നും പറയുന്നു. പി.എസ്.സി. ചെയർമാനിലേക്കടക്കം അന്വേഷണം നീളുമെന്ന സൂചന ലഭിച്ചതോടെയാണ് ഇക്കാര്യത്തിൽ നിലപാട് പരസ്യമാക്കാൻ സി.പി.ഐ. തീരുമാനിച്ചത്. ചെയർമാനിലേക്ക് അന്വേഷണം പോകുന്നതിനുപിന്നിൽ അജൻഡയുണ്ടെന്നും പി.എസ്.സി.യെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞത്.
ഇടതുസർക്കാർ ഭരിക്കുന്ന ഘട്ടത്തിൽ പലതവണ പി.എസ്.സി. റാങ്ക് പട്ടികയെക്കുറിച്ച് ആക്ഷേപം ഉയർന്നിട്ടുണ്ട്. അപ്പോഴൊക്കെ പി.എസ്.സി.യുടെ വിശ്വാസ്യതയെ തകർക്കാനാണെന്ന വാദമാണ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സി.പി.എമ്മും സ്വീകരിച്ചത്. എസ്.ഐ.ടി. അന്വേഷണത്തിനെതിരേ പരസ്യഎതിർപ്പ് സി.പി.എം. ഉയർത്തിയിട്ടില്ലെങ്കിലും ‘വിശ്വാസ്യത നഷ്ടമാക്കാനുള്ള നീക്കം’ എന്നവാദം അവരുടെ സൈബറിടത്തിൽ ശക്തമാണ്.
ലാഭം എന്ന ഒറ്റവിഷയത്തിൽ പഠനം പൂർത്തിയാക്കുന്ന മാനേജ്‌മെന്റ് വിദഗ്ധസംഘം ഭരണസിരാകേന്ദ്രം കൈയടക്കുമ്പോൾ, സ്ഥിരനിയമനത്തിനുപകരം താത്‌കാലികക്കാരെ തിരുകിക്കയറ്റുകയാണ് പതിവ്. പബ്ലിക് സർവീസ് കമ്മിഷനെ സ്വാർഥതാത്‌പര്യക്കാരുടെ പ്രൈവറ്റ് സർവീസ് ആക്കി മാറ്റാൻ ആരും ശ്രമിക്കരുതെന്നാണ് ലേഖനത്തിൽ പറയുന്നത്.
Content Highlights: Kerala PSC exam scandal as CPI calls for a transparent investigation to restore credibility.