പരീക്ഷാത്തട്ടിപ്പ്: പി.എസ്.സി. സെക്രട്ടറിയെ ഇന്ന് ചോദ്യംചെയ്യും

തിരുവനന്തപുരം: പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യംചെയ്തതിനുപിന്നാലെ സെക്രട്ടറി സാജു ജോർജിനെ ശനിയാഴ്ച അന്വേഷണസംഘം ചോദ്യംചെയ്യും. പരീക്ഷാ കൺട്രോളറെയും ചോദ്യം ചെയ്യുന്നുണ്ട്. നിലവിൽ എടുത്ത മൊഴികളിലെ വൈരുധ്യങ്ങളിൽ വ്യക്തതവരുത്തുകയാണ് ലക്ഷ്യം.

കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ആസൂത്രിതമായ തട്ടിപ്പ് നടന്നോയെന്ന സംശയം ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനുണ്ട്. ആറുപരീക്ഷകളിൽ ക്രമക്കേട് നടന്നെന്നാണ് വിവരം. 180-ഓളം പരാതികൾ ലഭിച്ചതിൽ പലതിലും വിശദമായ രേഖാപരിശോധന നടക്കുകയാണ്.

പി.എസ്.സി.യിൽ പ്രധാന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ചെയർമാന്റെ നേതൃത്വത്തിലുള്ള കോക്കസാണെന്ന് ചില അംഗങ്ങൾ അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും മറ്റുചില അംഗങ്ങളെയും മാറ്റിനിർത്തിയാണ് ഇത്തരം ഇടപെടൽ. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യം ഈ കോക്കസാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ആരോപണം. ചെയർമാനോട് അടുപ്പമുള്ള മൂന്ന് അംഗങ്ങളാണ് ഇതിൽ പ്രധാനമായുള്ളത്. മുൻ ഇടത് യുവജനസംഘടനാ നേതാവ്, അധ്യാപകനായിരുന്ന അംഗം, കണ്ണൂർ സ്വദേശിയായ മറ്റൊരംഗം എന്നിവർക്കെതിരേയാണ് മൊഴികളുള്ളതെന്നാണ് സൂചന. പരീക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥരും വെള്ളിയാഴ്ച അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരി ഉൾപ്പെടെയുള്ള ഒരു സംഘം ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.

അന്വേഷണസംഘം വിപുലീകരിച്ചു

ആസൂത്രണബോർഡിലെ പരീക്ഷയ്ക്കുകൂടാതെ മൂന്നുകേസുകൂടി രജിസ്റ്റർചെയ്തതോടെ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിപുലീകരിച്ചു. മൂന്ന് കേസിന്റെയും ചുമതല മൂന്ന് ഉദ്യോഗസ്ഥർക്ക് നൽകി. ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ പരീക്ഷാക്രമക്കേട് അന്വേഷണച്ചുമതല എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. പി.എസ്. ഷാഹുൽ ഹമീദിനാണ്. ഖാദി ബോർഡിലേക്കുള്ള വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷയിലെ അന്വേഷണം തിരുവനന്തപുരം എസ്.പി. വി.ജി. രവീന്ദ്രനാഥിനും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയുടെ അന്വേഷണം തിരുവനന്തപുരം സ്‌പെഷ്യൽ യൂണിറ്റ് ഡിവൈ.എസ്.പി. പി.എസ്. പ്രദീപ് കുമാറിനുമാണ്. ഇവരുടെ ഒപ്പമുള്ള ഡിവൈ.എസ്.പി.മാരും സി.ഐ.മാരും അന്വേഷണസംഘത്തിലുണ്ടാവും.

Content Highlights: Kerala PSC exam fraud investigation intensifies as officials question key figures and uncover discrepancies in testimonies, raising suspicions of organized malpractice.