അംശദായം അടയ്ക്കുന്നതിൽ വീഴ്ചവന്ന പ്രവാസികളുടെ പെൻഷനിൽ ആശങ്ക, ഒടുക്കിയ പണംമാത്രമേ തിരികെ ലഭിക്കൂ

#എസ്. സൗമ്യ
പ്രതീകാത്മകചിത്രം | ഫോട്ടോ: Reuters
പ്രതീകാത്മകചിത്രം | ഫോട്ടോ: Reuters

കൊല്ലം: പ്രവാസി ക്ഷേമനിധിയിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയ അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതിൽ ആശങ്ക. രോഗം, തൊഴിൽനഷ്ടം, സാമ്പത്തികപ്രതിസന്ധി തുടങ്ങി വിവിധ കാരണങ്ങളാൽ അംശദായം കുടിശ്ശികയായ ഒട്ടേറെപ്പേർക്കാണ് പെൻഷൻ ലഭ്യമാക്കാത്തത്. ഇവർ ക്ഷേമനിധിയിൽ ഇതുവരെ ഒടുക്കിയ പണംമാത്രമേ തിരികെ ലഭിക്കൂ.

അംഗത്തിന് 60 വയസ്സ് പൂർത്തിയാകുന്ന തീയതിവരെ കുടിശ്ശിക ഒടുക്കാനായില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല. മാത്രമല്ല പെൻഷനാകുന്ന ദിവസത്തിനുമുൻപ്‌ അപേക്ഷ നൽകാത്തവരും പെൻഷൻ ലഭിക്കാൻ അർഹരല്ലെന്നാണ് ക്ഷേമനിധി ബോർഡിന്റെ കണ്ടെത്തൽ. അംഗങ്ങൾക്ക് 60 വയസ്സ് പൂർത്തിയാകുന്ന ദിവസംതന്നെ അവരുടെ ക്ഷേമനിധി അക്കൗണ്ട് ക്ലോസ് ചെയ്യും. തൊട്ടടുത്ത ദിവസംപോലും കുടിശ്ശിക അടയ്ക്കാനും പെൻഷൻ അപേക്ഷ നൽകാനും അവസരമില്ല.

മുൻപ് ഒരുവർഷത്തിൽ താഴെമാത്രം കുടിശ്ശികയുള്ളവർക്ക് അത് ഒടുക്കാൻ പ്രത്യേക ഉത്തരവിലൂടെ അവസരം നൽകിയിട്ടുണ്ട്. എന്നാലിപ്പോൾ അതിനായി സംവിധാനമില്ല. കുടിശ്ശിക കാരണം പെൻഷൻ അർഹത നഷ്ടമായവർക്ക് പെൻഷൻ പുനഃസ്ഥാപിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ അവസരം നൽകിയിരുന്നു. ഭരണമാറ്റം വന്നതോടെ അത് നടന്നില്ല. പെൻഷൻ ലഭിക്കാത്തവർ ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ഹെഡ് ഓഫീസുമായി ബന്ധപ്പെടുമ്പോൾ പരാതി എഴുതിവാങ്ങുന്നുണ്ട്. ഭരണമാറ്റത്തെ തുടർന്ന് പുതിയ ബോർഡ് അംഗങ്ങളുടെ യോഗം ചേർന്നിട്ടില്ലെന്നും അതിൽ തീരുമാനമെടുത്താൽ പെൻഷൻ ലഭിക്കുമെന്നുമാണ് പരാതിക്കാർക്ക് ലഭിക്കുന്ന മറുപടി.

2009-ൽ ആരംഭിച്ച പ്രവാസി ക്ഷേമനിധി ബോർഡിൽ മൂന്ന് വിഭാഗങ്ങൾക്കാണ് അംഗത്വം നൽകുന്നത്. വിദേശത്ത് ഇപ്പോഴും ജോലി തുടരുന്ന പ്രവാസികൾ, ജോലി മതിയാക്കി തിരികെയെത്തിയവർ, ആറുമാസമായി ഇതരസംസ്ഥാനങ്ങളിൽ ജീവിക്കുന്ന പ്രവാസികൾ എന്നിവരാണ് അംഗങ്ങൾ. വിദേശത്ത് തുടരുന്നവർ പ്രതിമാസം 350 രൂപവീതവും മറ്റ് രണ്ട് വിഭാഗങ്ങളും പ്രതിമാസം 200 രൂപവീതവുമാണ് അംശദായം ഒടുക്കേണ്ടത്. അഞ്ചുവർഷത്തിൽ കുറയാതെ അംശദായം ഒടുക്കിയ വിദേശത്തുള്ള അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 3500 രൂപയും മറ്റ് രണ്ട് വിഭാഗങ്ങൾക്കും കുറഞ്ഞത് 3000 രൂപയുമാണ് പെൻഷൻ ലഭിക്കുക. 7000 രൂപവരെ പെൻഷൻ ലഭിക്കുന്നവരുമുണ്ട്. കഴിഞ്ഞ മേയ് വരെയുള്ള വിവരങ്ങൾ അനുസരിച്ച് 9.5 ലക്ഷം അംഗങ്ങളാണ് പ്രവാസി ക്ഷേമനിധിയിലുള്ളത്. 94,666 പെൻഷൻകാരുമുണ്ട്.

അപേക്ഷനൽകി ആറുമാസത്തിനുള്ളിൽ കിട്ടിയിരുന്ന പെൻഷൻ ഇപ്പോൾ കിട്ടാത്ത അവസ്ഥയുണ്ടെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ പറഞ്ഞു.

Content Highlights: Pension eligibility ends if arrears are not cleared before the member turns 60., Accounts are closed automatically upon reaching 60 years of age., Current board delays are causing significant pension processing hurdles., Monthly contribution rates vary between 200 and 350 INR based on member category., Pension amounts range from 3000 to 7000 INR depending on contribution history.