അഞ്ചു വർഷത്തിനിടെ കേരളം വാങ്ങിയത് 56,904 കോടി രൂപയുടെ വൈദ്യുതി

കൊച്ചി: അഞ്ചുവർഷത്തിനിടെ കേരളം പുറമേനിന്ന് വാങ്ങിക്കൂട്ടിയത് 56,904 കോടി രൂപയുടെ വൈദ്യുതി. ഉപഭോക്താക്കൾക്കും വൈദ്യുതിബോർഡിനും വൻചെലവും നഷ്ടവും വരുത്തിവെക്കുന്നതാണ് പുറമേനിന്നുള്ള വൈദ്യുതിവാങ്ങൽ. കഴിഞ്ഞ രണ്ടുവർഷം പവർ പർച്ചേസ് കുറയുന്നതായിരുന്നു രീതി.
എന്നാൽ, ഇത്തവണ മഴകുറഞ്ഞ് ഡാമിൽ വെള്ളമില്ലാത്തതും എൽനിനോ പ്രതിഭാസം കാരണം വേനൽകടുപ്പമേറാൻ സാധ്യതയുള്ളതിനാലും പവർപർച്ചേസ് ഉയർന്ന് സർവകാല റെക്കോഡിലെത്തിയേക്കും.
സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുന്നത് കേന്ദ്രവിഹിതം, ആഭ്യന്തര ജലവൈദ്യുതോത്പാദനം, സൗരോർജം, പവർപർച്ചേസ് എന്നിങ്ങനെയാണ്. ഇതിൽ കേന്ദ്രവിഹിതവും കേരളത്തിന്റെ ജലവൈദ്യുതോത്പാദനവും 1,600 മെഗാവാട്ട് വീതമാണ്. വൈദ്യുതിബോർഡിന്റെ സൗരോർജ പ്ലാന്റുകൾ, പുരപ്പുറ സൗരോർജം എന്നിവയിൽനിന്ന് 2,200 മെഗാവാട്ടും കിട്ടും. ഇതിന് പുറമേയാണ് അടിയന്തരസാഹചര്യങ്ങളിലുൾപ്പെടെ പുറമേനിന്ന് വൻവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നത്. സൗരോർജ വൈദ്യുതി ഉപയോഗിക്കാനാകാതെ പകൽ പാഴായിപ്പോവുകയും ചെയ്യുന്നുണ്ട്.
2023-24ൽ 12,982.59 കോടി രൂപയുടെ വൈദ്യുതിയാണ് കേരളം വാങ്ങിയത്. 2024-25ൽ ഇത് 12,749.65 കോടിയായും 2025-26ൽ 11,399.30 കോടി രൂപയായും കുറഞ്ഞു. മുൻകാലങ്ങളിലെപ്പോലെ 24 മണിക്കൂറിലേക്കും വൈദ്യുതിവാങ്ങാതെ ആവശ്യമുള്ള രാത്രിസമയത്തേക്ക് മാത്രമായി വൈദ്യുതിവാങ്ങൽ നിജപ്പെടുത്തിയതായിരുന്നു പ്രധാനകാരണം. ഇതിനൊപ്പം 465 മെഗാവാട്ടിന്റെ കരാർ റദ്ദാക്കിയതും കാരണമാണ്.
2025-26ൽ കേരളത്തിൽ ഭേദപ്പെട്ട നിലയിൽ കാലവർഷം ലഭിച്ചു. ഇത്തവണ കാലവർഷം അവസാനിക്കാറാകുമ്പോഴും ബോർഡിന്റെ ഡാമുകളിൽ 246 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളമേയുള്ളൂ. കഴിഞ്ഞതവണ ഈ സമയത്ത് 328 കോടി യൂണിറ്റ് ഉത്പാദനത്തിനുള്ള വെള്ളമുണ്ടായിരുന്നു.
ഈ വർഷം ഇതിനകം യൂണിറ്റിന് 2.93 രൂപയ്ക്ക് 200 മെഗാവാട്ട് സൗരോർജത്തിനായി കരാറിലേർപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞദിവസം 750 കോടി രൂപയ്ക്ക് 2026 സെപ്റ്റംബർ മുതൽ 2027 വരെ 85 കോടി യൂണിറ്റ് വാങ്ങാനും റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം, വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനുതകുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്സ്), പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റ് (പി.എസ്.പി.) എന്നിവയുടെ കാര്യങ്ങളിൽ പ്രഖ്യാപനങ്ങളല്ലാതെ നടപടിക്കു വേഗമില്ല.
Content Highlights: Kerala purchased electricity worth Rs 56,904 crore in five years. rising power purchase costs and dam water levels.