ഭീഷണി ഇല്ലാത്തവർക്കും കാവൽ, മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ; പരിശോധിക്കാൻ സർക്കാർ

#സജീവൻ പൊയ്ത്തുംകടവ്‌
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും പിൻവലിക്കാൻ നീക്കം. സംസ്ഥാനത്ത് പോലീസ് കാവലുള്ള എല്ലാ നേതാക്കളുടെയും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിൽ സുരക്ഷാഭീഷണിയുണ്ടോയെന്ന കാര്യവും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ രഹസ്യാന്വേഷണവിഭാഗത്തിന് ആഭ്യന്തരവകുപ്പ് നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

മലബാർ മേഖലയിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ രാഷ്ട്രീയസംഘർഷം കുറഞ്ഞ സാഹചര്യത്തിൽ നേതാക്കൾക്ക് നൽകുന്ന പോലീസ് സുരക്ഷ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൂടാതെ 50-ലധികം നേതാക്കൾ സഞ്ചരിക്കുന്നത് പ്രത്യേക സുരക്ഷാ വലയത്തിലാണ്. നേതാക്കൾക്കുള്ള സുരക്ഷാകാര്യങ്ങൾ തീരുമാനിക്കാനുള്ള കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അന്തിമതീരുമാനമാകും.

‘അനധികൃതമായി’ നേതാക്കൾക്ക് പോലീസ് സംരക്ഷണവും ഗൺമാൻമാരെയും നൽകുന്നത് അവസാനിപ്പിക്കണമെന്ന് കെ.എസ്‍.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് കഴിഞ്ഞദിവസം മാറ്റുകയുംചെയ്ത പശ്ചാത്തലത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നിർദേശം. പിണറായിയുടെ വീടിന് മുന്നിലെ ജീപ്പ് മാറ്റിയെങ്കിലും കാവൽ നിൽക്കുന്ന പോലീസുകാരെ പിൻവലിച്ചിട്ടില്ല.

പോലീസ് സംരക്ഷണമുള്ള നേതാക്കൾ

പിണറായി വിജയന് മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് പോലീസ് സുരക്ഷയുണ്ട്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലും ആറ് പോലീസുകാരുടെ കാവലുണ്ട്. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ സുരക്ഷ എൽ.ഡി.എഫ്. സർക്കാർ വർധിപ്പിച്ചിരുന്നു. നിലവിൽ ഗൺമാനും നാല് പോലീസുകാർ വീട്ടിലും സുരക്ഷയ്ക്കായുണ്ട്. മുൻ സ്പീക്കർ എ.എൻ.ഷംസീറിന്റെ തലശ്ശേരിയിലുള്ള വീട്ടിലും മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായുണ്ട്. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനും പോലീസ് സംരക്ഷണമുണ്ട്.

മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ആർ.എസ്.എസ്. സംസ്ഥാന നേതാവുമായ വത്സൻ തില്ലങ്കേരി, ബി.ജെ.പി. നേതാവ് എ.പി.അബ്ദുള്ളക്കുട്ടി, ബി.ജെ.പി. ദേശീയസമിതിയംഗം സി.കെ.പദ്മനാഭൻ, ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്, ആർ.എസ്.എസ്. ജില്ലാ കാര്യകാരി സദസ്യൻ ആറളം സജീവൻ എന്നിവർക്ക് പോലീസ് സുരക്ഷയുണ്ട്. ആർ.എസ്.എസ്. പ്രാന്തകാര്യകാരി സദസ്യൻ വി.ശശിധരന് സി.ഐ.എസ്.എഫിന്റെ സുരക്ഷയാണ്.

ബി.ജെ.പി.യിൽനിന്ന്‌ സി.പി.എമ്മിൽ ചേർന്ന മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ.വാസു, എ.അശോകൻ എന്നിവർക്കും സുരക്ഷയുണ്ട്. എം.എൽ.എ.മാരായ പയ്യന്നൂരിലെ വി.കുഞ്ഞികൃഷ്ണൻ, തളിപ്പറന്പിലെ ടി.കെ.ഗോവിന്ദൻ, അന്പലപ്പുഴയിലെ ജി.സുധാകരൻ എന്നിവർക്കും പോലീസ് നിരീക്ഷണവും സംരക്ഷണവുമുണ്ട്.

Content Highlights: Home department orders intelligence wing to review security threats for political leaders., Report to be submitted within a week regarding the withdrawal of unnecessary police guards., Political clashes have decreased, especially in the Malabar region including Kannur., Leaders currently enjoying police protection include Pinarayi Vijayan, P. Jayarajan, and various opposition figures.