മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 281 പേർക്ക്; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിൽ 281 പോലീസുദ്യോഗസ്ഥരാണ് ഇത്തവണ മെഡലിന് അർഹരായത്. സംസ്ഥാന പോലീസ് മേധാവിയുടെയും സംസ്ഥാനതല സ്ക്രീനിങ് സമിതിയുടെയും ശുപാർശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. അസി. പോലീസ് കമ്മിഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസി. സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ റാങ്കുകളിലുള്ളവർ പട്ടികയിലുണ്ട്.
സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം നടത്തേണ്ട പ്രഖ്യാപനം വൈകിയത് വാർത്തയായിരുന്നു. പ്രഖ്യാപനം വൈകാൻ കാരണം ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണവും ഉയർന്നിരുന്നു. ജനുവരിയിൽ ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് പട്ടിക കൈമാറിയിരുന്നെങ്കിലും പരിശോധന പൂർത്തിയാക്കിയിരുന്നില്ല. മെഡൽ പ്രഖ്യാപനം വൈകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, രാവിലെ തന്നെ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ ഇന്ന് ഉറപ്പായും പ്രഖ്യാപിച്ചിരിക്കുമെന്നും അദ്ദേഹം രാവിലെ പ്രതികരിച്ചിരുന്നു. ആഭ്യന്തര മന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചതോടെയാണ് രാത്രി ഏറെ വൈകി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Content Highlights: 2026 Chief Minister's Police Medals announced for 281 officers. Announcement was delayed due to internal departmental lapses. Home Minister intervened to expedite and finalize the process.