കസ്റ്റഡി മര്‍ദനവും മരണവും മനുഷ്യാവകാശ ലംഘനമല്ല; വിവരങ്ങള്‍ നല്‍കാന്‍ ആഭ്യന്തര വകുപ്പിന് മടി

#വി.എസ്. സിജു
Photo: AI generated image
Photo: AI generated image

കൊച്ചി: വര്‍ഷം ശരാശരി രണ്ട് കസ്റ്റഡി മരണം നടക്കുന്ന സംസ്ഥാനത്ത് ഇതുസംബന്ധിച്ച് നിയമപ്രകാരം നല്‍കേണ്ട വിവരം നല്‍കാന്‍ ആഭ്യന്തര വകുപ്പിന് മടി. കേന്ദ്ര സുരക്ഷാ ഏജന്‍സികളടക്കം, മനുഷ്യാവകാശലംഘനവും അഴിമതിയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കേയാണ് ഈ വിവരനിഷേധം.

കസ്റ്റഡി മര്‍ദനവും മരണവുമൊന്നും മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇത്തരം വിവരം നല്‍കാനാകില്ലെന്നുമാണ് വിവരാവകാശ അപേക്ഷയില്‍ കേരള പോലീസിന്റെ മറുപടി. കസ്റ്റഡിപീഡനവും മരണവും അംഗീകരിക്കാനാകില്ലെന്നും ഇത് രാജ്യത്തിന് കളങ്കമാണെന്നും കഴിഞ്ഞദിവസം സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

പ്രോസിക്യൂഷന്‍ മുന്‍ ഡയറക്ടര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ടി. ആസഫലിയാണ് കസ്റ്റഡി മര്‍ദനത്തിന്റെ വിവരം തേടിയത്. പോലീസ് നിലപാട് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വിവരം നിഷേധിച്ചതിനെതിരേ നല്‍കിയ പരാതി ഇപ്പോള്‍ വിവരാവകാശ കമ്മിഷന്റെ പരിഗണനയിലാണ്.

വിവരാവകാശ നിയമം 24(4) പ്രകാരം കസ്റ്റഡിമര്‍ദനം അടക്കമുള്ള അതിക്രമവുമായി ബന്ധപ്പെട്ട വിവരം നല്‍കാന്‍ പോലീസ് ബാധ്യസ്ഥരാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവന്‍, സ്വാതന്ത്ര്യം, തുല്യത, അന്തസ്സ് എന്നിവ ലംഘിക്കുന്ന എന്തും മനുഷ്യാവകാശ ലംഘനമാണ്

പോലീസിനോട് ചോദിച്ചത്

* 2016 ഏപ്രില്‍ ഒന്ന് മുതല്‍ എത്ര പേര്‍ കസ്റ്റഡി മര്‍ദനത്തിന് ഇരയായിട്ടുണ്ട്

* ഈ കാലയളവില്‍ എത്രപേര്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ വെച്ച് മരിച്ചിട്ടുണ്ട്

* എത്ര മാവോവാദികള്‍ ഈ കാലയളവില്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്

* എത്ര പോലീസ് ഉദ്യോഗസ്ഥരെ ഈ കാലയളവില്‍ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ പിരിച്ചുവിട്ടിട്ടുണ്ട്

മറുപടി

2006, 2013, 2016 വര്‍ഷങ്ങളിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ വിവരാവകാശ നിയമപരിധിയില്‍ വരില്ല, അതിനാല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകില്ല. അതേസമയം, മനുഷ്യാവകാശ ലംഘനം, അഴിമതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യമെങ്കില്‍ ഈ വിലക്ക് ബാധകമാല്ലെന്ന് വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) ല്‍ പറയുന്നുണ്ടെന്നും പോലീസ് മറുപടിയില്‍ സ്ഥിരീകരിക്കുന്നുണ്ട്.

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ ആദ്യ അപേക്ഷയിലും അപ്പീലിലും ഇതേ ഉത്തരമാണ് ആവര്‍ത്തിച്ചത്. 1993-ലെ മനുഷ്യാവാകാശ സംരക്ഷണനിയമം വകുപ്പ് 2(ഡി) യില്‍ മുനുഷ്യാവകാശത്തെ നിര്‍വചിച്ചിട്ടുണ്ട്. അതുപ്രകാരം ഭരണഘടന ഉറപ്പുനല്‍കുന്ന ജീവന്‍, സ്വാതന്ത്ര്യം, തുല്യത, അന്തസ്സ് എന്നിവ ലംഘിക്കുന്ന എന്തും മനുഷ്യാവകാശ ലംഘനമാണെന്നും ആസഫലി പറയുന്നു.

10 വര്‍ഷത്തിനിടെ 17 കസ്റ്റഡി മരണം

സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 17 കസ്റ്റഡി മരണങ്ങളുണ്ടായെന്നാണ് കണക്ക്. ഇതില്‍ 11 എണ്ണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ആറെണ്ണം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും. 16 പേര്‍ പോലീസ് കസ്റ്റഡിയിലിരിക്കേയും ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയുമാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്.

Content Highlights: Kerala Police refuse to provide details on custodial deaths and torture, raising concerns about human rights violations. Read more about this RTI case.