'കാലിനടിയിൽ ലാത്തികൊണ്ട് 45 അടി, എഴുന്നേറ്റ് ചാടിപ്പിച്ചു; ഒതുക്കാൻ പോലീസ് വാഗ്ദാനംചെയ്തത് 20 ലക്ഷം'

കുന്നംകുളം പോലീസ് സ്റ്റേഷനകത്തുവെച്ച് 29 വയസ്സുകാരനായ യുവാവിനെ ഒരു കൂട്ടം പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ നമ്മളോരുരുത്തരുടേയും മുന്നിലുണ്ട്. സമൂഹത്തിലെ ഓരോ പൗരനും രക്ഷയാവേണ്ടുന്ന പോലീസാണ് സംഘം ചേര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകനെ മര്‍ദിക്കുന്നത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനേക്കള്‍ ക്രൂരമായ മര്‍ദനമാണ് സിസിടിവി ഇല്ലാത്ത ഇടത്തുവെച്ച് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത് പറയുന്നത്. ലാത്തി കൊണ്ട് 45-ലധികം തവണയാണ് കാലിനടിയില്‍ അടിച്ചത്. മൂന്നാംമുറ ഒതുക്കിത്തീര്‍ക്കാന്‍ പോലീസുകാര്‍ 20 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. അതിക്രമം നടത്തിയ മുഴുവന്‍ പോലീസുകാര്‍ക്കെതിരേയും നടപടി ഉണ്ടാവും വരെ നിയമപോരാട്ടം തുടരുമെന്നും സുജിത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ക്രൂരപീഡനമാണ് മാനസികമായും ശാരീരികമായും നേരിടേണ്ടി വന്നത്. സംഭവങ്ങളുടെ തുടക്കം?
2023 ഏപ്രില്‍ ആറിന് പുലര്‍ച്ചെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതിന്റെ രണ്ടുദിവസം മുമ്പായിരുന്നു തൃശ്ശൂര്‍ പൂരം. കൂട്ടുകാരൊക്കെ വീടിന് അടുത്തുള്ള ക്ലബ്ബിലും പരിസരത്തുമൊക്കെയിരുന്ന് പൂരത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ കാണുന്നുണ്ടായിരുന്നു. ഒരു പ്രതിഷ്ഠാദിന കര്‍മ്മം കഴിഞ്ഞ് കുറച്ചുസമയം ക്ലബ്ബില്‍ കൂട്ടുകാരോടൊപ്പം ചെലവഴിച്ച ശേഷം ഒരു പതിനൊന്നു മണിയോടുകൂടിയാണ് ഞാന്‍ വീട്ടിലെത്തുന്നത്. കുറച്ചുകഴിഞ്ഞ് കൂട്ടുകാര്‍ വിളിച്ചു. എന്തൊക്കെയോ ബഹളം ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാവാത്തതിനാല്‍ ഞാന്‍ അങ്ങോട്ടേക്ക് പോയി നോക്കി. അപ്പോള്‍ അവിടെ പോലീസുകാരും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം നടക്കുന്നുണ്ടായിരുന്നു. ആ പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ നീ ആരെടാ ഇത് ചോദ്യം ചെയ്യാന്‍ എന്ന് പോലീസുകാര്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ആണ്, പൊതുപ്രവര്‍ത്തകന്‍ ആണ്, ക്ലബ്ബിന്റെ പ്രസിഡന്റ് ആണ് എന്നൊക്കെ പറഞ്ഞു. ഉടന്‍ നീ അധികം നേതാവ് കളിക്കേണ്ട എന്ന് പറഞ്ഞ് എന്റെ തോളില്‍ കയറി പിടിക്കുകയായിരുന്നു. ശരീരത്തില്‍ തൊട്ടു കളിക്കേണ്ട, കാര്യം പറഞ്ഞാല്‍ മനസ്സിലാകും എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു. ഇതോടെ നീ കയറട ജീപ്പില്‍ എന്നുപറഞ്ഞുതള്ളി വണ്ടിയില്‍ കയറ്റി. എസ്‌ഐ ലുക്മാനും ഒരു ഡ്രൈവറുമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. കുന്നംകുളം സ്റ്റേഷനില്‍ എത്തുന്നതിന്റെ 20 മീറ്റര്‍ മുന്നേ ശശിധരന്‍ എന്ന പോലീസുകാരന്‍ പുറത്തേക്ക് വരികയും ലുക്മാന്‍ വണ്ടിയുടെ പിറകിലെ ഡോര്‍ തുറന്നു കൊടുക്കുകയും ചെയ്തു. ശശിധരന്‍ വണ്ടിയില്‍ വച്ച് എന്നെ മര്‍ദിച്ചു. സ്റ്റേഷനിലേക്ക് കയറി 'ശരിയാക്കി വെച്ചിട്ടുണ്ട് അങ്ങോട്ട് വായോ' എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍ വെച്ച് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നിങ്ങളൊക്കെ കാണുന്നത്. ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നതു പോലെയായി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയത്. അവിടുത്തെ അടിയെല്ലാം കഴിഞ്ഞ് നേരെ സ്റ്റേഷന്റെ മുകളിലേക്ക് കയറ്റി കൊണ്ടുപോയി. ക്യാമറയില്ലാത്ത ആ സ്ഥലത്തുവെച്ചാണ് കൂടുതല്‍ മര്‍ദനം ഉണ്ടായത്.
സിസിടിവി ദൃശ്യത്തിനും അപ്പുറമായിരുന്നോ അവിടെവെച്ചുള്ള മര്‍ദനം?
അവിടെവച്ച് പോലീസുകാരായ സന്ദീപും സജീവനും, ശശിധരനും ഉള്‍പ്പടെ അഞ്ചുപേര്‍ കൂട്ടമായി മര്‍ദിച്ചു. നിലത്ത് ഭിത്തിയില്‍ ചാരി ഇരിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഇരുന്നപ്പോള്‍ കാലു നീട്ടിവെപ്പിച്ച് കാലിന്റെ അടിയില്‍ ചൂരല്‍ വച്ച് അടിച്ചു. 15 തവണ അടിച്ച ശേഷം എഴുന്നേറ്റ് നിന്ന് അവിടെനിന്നും ചാടാന്‍ പറഞ്ഞു. വീണ്ടും മൂന്നു തവണ അത് തുടര്‍ച്ചയായി ആവര്‍ത്തിച്ചു. 45 അധികം അടി കാലിനടിയില്‍ കിട്ടി. പിന്നീട് വെള്ളം ചോദിച്ചപ്പോള്‍ തരാന്‍ തയ്യാറായില്ല അസഭ്യം പറയുകയാണ് ഉണ്ടായത്.
എപ്പോഴാണ് ചികിത്സ ലഭിക്കുന്നത്? വ്യാജ എഫ്‌ഐആര്‍ ഇട്ട് കേസില്‍ കുടുക്കാനുള്ള ശ്രമവും ഉണ്ടായില്ലേ?
മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കാരണങ്ങളിലാണ് കേസെടുത്തിരുന്നത്. എന്നാല്‍, ഞാന്‍ മദ്യപിച്ചില്ല എന്നുള്ളത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍നിന്നും കോടതിക്ക് ബോധ്യമായി. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും അപ്പോഴത്തെ ശാരീരികാവസ്ഥ പരിഗണിച്ചും എനിക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയാണ് ചെയ്തത്. മജിസ്ട്രേറ്റിനു മുന്നില്‍ പോലീസ് മര്‍ദനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആ സമയത്ത് ശാരീരികാവസ്ഥ വളരെ മോശമായിരുന്നു. ചെവിക്ക് അടികിട്ടിയതിനാല്‍ തലയ്ക്കാകെ വേദനയായിരുന്നു. ബ്ലീഡിങും ഉണ്ടായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് പോലീസുകാര്‍ ആദ്യം എന്നെ എത്തിച്ചത്. അവിടെനിന്നും നേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയാണ് ഉണ്ടായത്. പിറ്റേദിവസം ഡിസ്ചാര്‍ജ് ആയി. ആശുപത്രി രേഖകള്‍ എല്ലാം പോലീസുകാരുടെ കൈവശമായിരുന്നു. അതൊന്നും തരാന്‍ അവര്‍ തയ്യാറായില്ല.
തിരിച്ചു വീട്ടില്‍ വന്നിട്ടും ചെവി വേദനയും തലവേദനയും ഉണ്ടായിരുന്നതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെനിന്നാണ് ചെവിയുടെ കര്‍ണപുടം പൊട്ടിയത് ഉള്‍പ്പെടെ തെളിയിക്കുന്ന രേഖകള്‍ ലഭിച്ചത്.
ഈ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തില്‍ പകയോ വ്യക്തിവൈരാഗ്യമോ ഉണ്ടായിരുന്നോ?
സന്ദീപ് എന്ന സിപിഐ അനുഭാവിയായ പോലീസുകാരന്റെ രാഷ്ട്രീയ വിരോധമാണ് അവരെന്റെ ശരീരത്തില്‍ തീര്‍ത്തത്. കുന്നംകുളത്ത് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമരങ്ങളില്‍ ഞാന്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. അതുതന്നെയാണ് പോലീസിനുള്ള പകയ്ക്ക് കാരണവും. എന്നെ റൗഡി ലിസ്റ്റിലൊക്കെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. അര്‍ധരാത്രി വീട്ടില്‍ പോലീസ് എത്തുകയും ഫോട്ടോ എടുക്കുകയും എല്ലാം ചെയ്യാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് അതൊക്കെ അവര്‍ അവസാനിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കണ്ണില്ലാത്ത ക്രൂരത പൊതുസമൂഹം അറിയുന്നത്. ദൃശ്യങ്ങള്‍ പുറംലോകത്ത് എത്താതിരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായില്ലേ?
സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും അതു നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ പോലീസ് വിസമ്മതിച്ചു. അന്നത്തെ സിഐ ആയിരുന്ന ഷാജഹാന്‍ ദൃശ്യങ്ങള്‍ തരില്ലെന്ന് പല കുറി നിലപാടെടുത്തു. രണ്ടുവര്‍ഷത്തോളം ദൃശ്യങ്ങള്‍ അവര്‍ മറച്ചുവെച്ചു. പ്രശ്‌നങ്ങള്‍ തണുപ്പിക്കാന്‍ ശ്രമിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. ആദ്യം എന്റെ പേരില്‍ മറ്റൊരു കേസ് ഉള്ളതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നായിരുന്നു പറഞ്ഞത്. പിന്നീട് ദൃശ്യം ഡിലീറ്റ് ആയി പോയി എന്ന് പറഞ്ഞു. പിന്നീട് വിവരാവകാശ കമ്മിഷന്‍ പോലീസിനെയും എന്നെയും നേരിട്ടു വിളിച്ചു വരുത്തി, രണ്ടു പേരുടെയും വാദം കേട്ടു. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നോ?
പാര്‍ട്ടിയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റ് വഴിയും വേറെ പോലീസ് ഉദ്യോഗസ്ഥര്‍ വഴിയും ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തി. മുമ്പ് നടന്ന ഒരു ലോക്കപ്പ് മര്‍ദനം 10 ലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കിയിരുന്നു. ആ രീതിയില്‍ 20 ലക്ഷം രൂപ വരെ നല്‍കാമെന്നു പറഞ്ഞു. പക്ഷേ ഞാന്‍ തയാറായില്ല. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനം. പോലീസില്‍ തുടരാന്‍ അവര്‍ അര്‍ഹരല്ല. അഞ്ചുപേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
കേള്‍വിക്ക് ഇപ്പോഴും ബുദ്ധിമുട്ടുകളുണ്ടോ?
.5 % ഹിയര്‍ ലോസ് ഉണ്ട്. ചില സമയങ്ങളില്‍ ശബ്ദം പൂര്‍ണമായും വ്യക്തമാകില്ല. ഫോണില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ട്. ചികിത്സ തുടരുകയാണ്.
Content Highlights: Youth Congress leader Sujith alleges brutal police torture inside Kunnamkulam station