ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കില്ലെന്ന നിലപാടിനെതിരെ KSU സമരത്തിന്

കോഴിക്കോട്: ക്രിസ്മസ് അർധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്ന സംഭവത്തിൽ പരീക്ഷ റദ്ദാക്കില്ല എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യു.
ഗവർണർക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും സ്വകാര്യ ട്യൂഷൻ സെന്ററുകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണം.
അധ്യാപകരും സ്വകാര്യ ട്യൂഷൻ സെന്ററുകളും ചേർന്നുള്ള ഒത്തുകളിയുണ്ട്. ഇത് ആദ്യ സംഭവം അല്ല. മുൻപ് ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ട്. സ്വകാര്യ ട്യൂഷൻ സെന്റർ ലോബിയെ നിലക്ക് നിർത്താത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും കെ എസ് യു പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ നടക്കുന്ന സാമ്പത്തിക നിക്ഷേപം, കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണം. സ്വകാര്യ സ്ഥാപനങ്ങളിൽ ക്ലാസെടുക്കാൻ പോകുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം.
പരീക്ഷയുടെ തലേദിവസങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ചോദ്യങ്ങൾ വിശകലനം നടത്തുന്നത് ഒഴിവാക്കണമെന്നും കെ എസ് യു പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ മേളകളിൽ സ്പോൺസർ ഇത്തരം സ്ഥാപനങ്ങളാണ് അതുകൊണ്ടാണ് നടപടികൾ ഉണ്ടാകാത്തതെന്നും കെ എസ് യു ആരോപിച്ചു.
Content Highlights: KSU protests Kerala Plus One exam question leak, demanding accountability.