വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കം

#ടി.ജെ. ശ്രീജിത്ത്
Representational Image | Photo: AP Image
Representational Image | Photo: AP Image

കൊച്ചി: സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കര്‍ കമ്പനി വഴിയാക്കാന്‍ നീക്കം. വൈദ്യുതി ബോര്‍ഡില്‍ ഇതിനായി ഉന്നതതല ചര്‍ച്ച തുടങ്ങി. കേന്ദ്ര പൊതുമേഖലയിലുള്ള കമ്പനിയുടെ ഉപസ്ഥാപനം ഈ രംഗത്തേക്കു വരുമെന്നാണ് സൂചന. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ (എന്‍.ടി.പി.സി.) ഉപകമ്പനിയായ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്താനാണ് നീക്കം. നോയിഡ ആസ്ഥാനമായ പവര്‍ ട്രേഡിങ് കമ്പനിയാണിത്.

ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും സംസ്ഥാനം പുറമേനിന്നാണ് വാങ്ങുന്നത്. ഇടതുസര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പേ വൈദ്യുതി വാങ്ങല്‍ മുഴുവന്‍ ഈ കമ്പനി വഴി ആക്കാനാണ് നീക്കം. ഇതോടെ വൈദ്യുതിയിലുള്ള സംസ്ഥാനത്തിന്റെ നിയന്ത്രണം നഷ്ടമാകും. സംസ്ഥാനത്ത് രാത്രിയില്‍ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ പവര്‍ എക്‌സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങുകയാണ് പതിവ്.

വൈദ്യുതി ബോര്‍ഡിന്റെ കളമശ്ശേരിയിലുള്ള സിസ്റ്റം ഓപ്പറേഷന്‍സ് വിഭാഗം എന്‍ജിനീയര്‍മാരാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇങ്ങനെ വൈദ്യുതി വാങ്ങുന്നതാണ് പ്രത്യേക കമ്പനി വഴിയാക്കാന്‍ ആലോചിക്കുന്നത്. ബ്രോക്കര്‍ കമ്പനിയുടെ കാര്യത്തില്‍ അഭിപ്രായമാരായാന്‍ കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിലെ സിസ്റ്റം ഓപ്പറേഷന്‍സ് വിഭാഗം എന്‍ജിനീയര്‍മാരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. അതില്‍ പങ്കെടുത്തവര്‍ ശക്തമായ എതിര്‍പ്പറിയിച്ചു. 

2003-ലെ വൈദ്യുതി നിയമപ്രകാരം ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലാണ്. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിവാങ്ങല്‍  ബോര്‍ഡുകളോ കമ്പനികളോ ആണ് കൈകാര്യംചെയ്യുന്നത്.

അടി ഉപഭോക്താവിന്

  • ഇടനില കമ്പനി വരുമ്പോള്‍ ഓരോ യൂണിറ്റിനും അഞ്ചു മുതല്‍ 10 പൈസവരെ ട്രേഡിങ് മാര്‍ജിന്‍
  • സംസ്ഥാനത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വൈദ്യുതി വാങ്ങല്‍ കണക്കെടുത്താല്‍ 43.57 കോടി കമ്മിഷന്‍ നല്‍കണം
  • കണ്‍സള്‍ട്ടന്‍സി ഫീസായി വര്‍ഷം 15 കോടി രൂപയെങ്കിലും നല്‍കേണ്ടിവരും. ഇതുകൂടി ചേര്‍ത്താല്‍ ?58.57 കോടി
  • ഇത് വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കും. ഉപഭോക്താവിന്റെ തലയിലാകും
     

Content Highlights: Kerala plans to use a broker for power purchases