കല്ല്യാണം ആകാത്തവരെ കെട്ടിക്കാന്‍ പഞ്ചായത്ത്; 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3000പുരുഷന്മാര്

ശ്രീകണ്ഠപുരം: 200 സ്ത്രീകള്‍ക്ക് 3000 പുരുഷന്‍മാര്‍. അവിവാഹിതരും വിവാഹമോചിതരും ഉള്‍പ്പെടെ ജാതിമതഭേദമെന്യേ സ്ത്രീപുരുഷന്മാര്‍ക്ക് വിവാഹിതരാകാനായി പയ്യാവൂര്‍ പഞ്ചായത്ത് നടത്തുന്ന 'പയ്യാവൂര്‍ മാംഗല്യം' സമൂഹവിവാഹ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള അപേക്ഷ പഞ്ചായത്തിലെത്തിയിട്ടുണ്ട്. സ്ത്രീകളുടെ 15 ഇരട്ടിയോളം പുരുഷന്‍മാരുള്ളതിനാല്‍ സ്ത്രീകളുടെ രജിസ്‌ട്രേഷന്‍ മാത്രം തുടരാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്.
ഓഗസ്റ്റ് ഒന്നിനാണ് പയ്യാവൂര്‍ പഞ്ചായത്തും സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് 'പയ്യാവൂര്‍ മാംഗല്യം' വിവാഹപദ്ധതിയുമായി വന്നത്. ചെറുപ്പക്കാരുടെ വിവാഹസ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു ലക്ഷ്യം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിച്ചാണ് 'പയ്യാവൂര്‍ മാംഗല്യം' പരിപാടിയുടെ ഭാഗമാകേണ്ടത്. അപേക്ഷാഫോമിന്റെ മാതൃക സാമൂഹികമാധ്യമങ്ങള്‍ വഴിയും പഞ്ചായത്ത് ഓഫീസ് വഴിയും സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വഴിയും നല്‍കി. സ്ത്രീകളുടെ അപേക്ഷ സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കാണ് നല്‍കേണ്ടത്. അപേക്ഷകളില്‍നിന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആലോചനകള്‍ നടത്തി ഒക്ടോബറില്‍ സമൂഹവിവാഹം നടത്തുന്നതാണ് പദ്ധതി.
ബുധനാഴ്ചയായിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തീയതി. പഞ്ചായത്തിലെത്തിയ അപേക്ഷകള്‍ ക്രോഡീകരിക്കേണ്ട നടപടികളിലേക്ക് കടക്കുകയാണ്. ഇതിനുശേഷം വിവാഹാലോചനകള്‍ നടക്കും.
ഇനിയും പദ്ധതിയിലൂടെ വിവാഹിതരാകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് കണ്ണൂര്‍ ജില്ലാ വിധവാ ക്ഷേമസംഘം, എന്‍ജിഒ യൂണിയന്‍ ബില്‍ഡിങ്, പഴയ ബസ്സ്റ്റാന്‍ഡിന് സമീപം കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ അപേക്ഷ അയക്കാം.
എല്ലാ ജില്ലകളില്‍നിന്നും മികച്ച പ്രതികരണമാണ് 'പയ്യാവൂര്‍ മാംഗല്യം' പദ്ധതിക്ക് ലഭിച്ചതെന്നും രണ്ടുദിവസത്തിനുള്ളില്‍ അപേക്ഷിച്ചവരില്‍ നിന്നുള്ള വിവാഹാലോചനകള്‍ തുടങ്ങി ഒക്ടോബറില്‍ സമൂഹവിവാഹം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ പറഞ്ഞു.
Content Highlights: Payyavoor Mangalyam mass wedding initiative sees 3000 men register for marriage with 200 women