പൂവിന് പോയാൽ പോക്കറ്റ് കീറും, 4000 കടന്ന് മുല്ലപ്പൂ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

കോട്ടയം: ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പൂവരവ് കുറഞ്ഞതോടെയാണ് വില അനിയന്ത്രിതമായി ഉയർന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് ഏറ്റവുംകൂടിയ വില.
തമിഴ്നാട്ടിൽ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതൽ 6000 രൂപവരെ എത്തി. കേരളത്തിൽ ഒരുമുഴം മുല്ലപ്പൂവിന് 70-80 രൂപ വില. വില വരുംദിനങ്ങളിൽ കൂടാം. അരളിയും വെള്ള ജമന്തിയും ചെത്തിയും വിലയുടെ കാര്യത്തിൽ മുല്ലയ്ക്ക് പുറകിൽ തന്നെയുണ്ട്.
അരളിപ്പൂ കിലോഗ്രാമിന് 450-ൽ നിന്ന് 500 രൂപയായി. വെള്ളജമന്തിയും ചെത്തിയും കിലോയ്ക്ക് 600 രൂപയാണ്. ബട്ടൺ റോസ്, പൂജ റോസ് എന്നീ റോസാപ്പൂക്കൾക്ക്് 380, 350 രൂപ വിലയുണ്ടായിരുന്നത് 500 രൂപയായി.
മഞ്ഞ ജമന്തിക്ക് കിലോ 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്. താമരമൊട്ടിന് വലുപ്പത്തിനനുസരിച്ചാണ് വില. 50 മുതൽ 150 വരെ. വാടാമുല്ല 200 രൂപ, ശതാവേരി ഒരുകെട്ടിന് 300 രൂപ. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയും.
മഴ പ്രശ്നമായി
തമിഴ്നാട്ടിലെ കനത്തമഴയും കാലാവസ്ഥാ പ്രശ്നങ്ങളും കാരണം ഉത്പാദനം കുറവായിരുന്നു. അവിടത്തെ തോട്ടങ്ങളിൽനിന്ന് വലിയ വില കൊടുത്താണ് ഞങ്ങൾ പൂക്കൾ എടുക്കുന്നത്. ലോറി വാടകയും മറ്റുനഷ്ടങ്ങളും കൂടിയാകുമ്പോൾ ഈ വിലയ്ക്ക് വിറ്റില്ലെങ്കിൽ വലിയ കടത്തിലാകും - കച്ചവടക്കാരൻ ഡി. രാജാമണി പറയുന്നു.
അളവ് കുറച്ചു
പല പൂക്കളുടെയും വില കേട്ടപ്പോൾത്തന്നെ അത്രയും വാങ്ങാൻ പറ്റില്ലെന്ന് മനസ്സിലായി. അതുകൊണ്ട് മിക്ക പൂക്കളും വളരെ കുറവാണ് വാങ്ങിയത്. ബജറ്റാകെ തെറ്റുമെന്നാണ് തോന്നുന്നത്. പൂക്കളത്തിന്റ വലുപ്പം കുറയ്ക്കാനല്ലാതെ വേറെ വഴിയില്ല – ഗാന്ധിനഗർ സ്വദേശിനി വി.കെ. അശ്വതി പറയുന്നു.
Content Highlights: Jasmine flower prices reached ₹4000 to ₹6000 per kg in Tamil Nadu and ₹70-80 per muzham in Kerala. Heavy rain and adverse weather conditions in Tamil Nadu reduced flower production and supply. Prices of other flowers like Nerium (Arali), white chrysanthemum, and roses have also increased significantly. Consumers are forced to reduce the size of Onappookkalam due to budget constraints.