നറുക്കെടുപ്പിന് മുന്‍പേ ബംബറടിച്ച് സര്‍ക്കാര്‍; ഇതുവരെ വിറ്റത് 66.5 ലക്ഷം ടിക്കറ്റുകള്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ തിരുവോണം ബംബറിന് റെക്കോര്‍ഡ് വില്‍പന. 66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം വരെ വിറ്റുപോയത്. 

ഇത്തവണ ആദ്യം 65 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചിരുന്നു. നറുക്കെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അച്ചടിച്ചതില്‍ 1.04 ലക്ഷം ടിക്കറ്റ് മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഏജന്റുമാര്‍ക്കുള്ള വില്‍പന ശനിയാഴ്ചത്തോടെ അവസാനിച്ചു. വില്‍പ്പനക്കാരിലൂടെ ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ ലഭിക്കും. 

25 കോടി രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ഓണം ബംബര്‍ ടിക്കറ്റിന് 500 രൂപയാണ് വില. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. 270 കോടി രൂപ ഇതിനകം എത്തി. 

ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തിന് ഞായറാഴ്ച രണ്ടിന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുക്കും. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ഒന്നിലധികംപേര്‍ ചേര്‍ന്നെടുക്കുന്ന ടിക്കറ്റിന് നറുക്കുവീണാല്‍ രേഖാമൂലം ആവശ്യപ്പെടുന്നപ്രകാരം തുക വീതിച്ചുനല്‍കും
 

Content Highlights: Kerala Onam Bumper ticket sale