വേലി ചാടിക്കടന്ന് മലയിലൊളിച്ചു,കടുവയെപ്പോൽ കരുത്തനെന്ന് വിശ്വസിച്ചു;ചെന്താമര കൊലചെയ്തത് ആസൂത്രിതമായി

ആലത്തൂര്‍: നെന്മാറയിലെ ഇരട്ടക്കൊലപാതകങ്ങള്‍ പ്രതി ചെന്താമര (58) ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലപാതകങ്ങളാണെന്ന് വ്യക്തമായതായും കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച ആയുധം ഇയാള്‍ നേരത്തേ തന്നെ വാങ്ങി സൂക്ഷിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. പ്രതിയെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും ഇന്നു തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്നും പാലക്കാട് എസ്.പി അജിത്ത് കുമാര്‍ ഐ.പി.എസ് മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിലുള്ള പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തു. ഇരട്ടക്കൊലയ്ക്കു ശേഷം ഇയാള്‍ വീടിനു പിന്നിലെ വേലി ചാടിക്കടന്ന് സമീപത്തുള്ള മലയില്‍ ഒളിക്കുകയായിരുന്നു. ഒന്നര ദിവസത്തോളം ഇവിടെ തന്നെ കഴിഞ്ഞു. ആ ഭാഗത്തെല്ലാം പോലീസ് പരിശോധന നടത്തിയിരുന്നു. ഒളിച്ചിരുന്ന വനപ്രദേശം കൃത്യമായി അറിയാവുന്നയാളായിരുന്നു ചെന്താമര. അതിനാല്‍ തന്നെ പോലീസിന്റെ തിരച്ചിലും മറ്റ് നീക്കങ്ങളും ഇയാള്‍ നിരീക്ഷിച്ചിരുന്നുവെന്നും എസ്.പി വ്യക്തമാക്കി. ഒന്നര ദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്നതോടെയാണ് ഇയാള്‍ മലയിറങ്ങിയത്. തിരികെ വീട്ടിലേക്കുവരുന്ന വഴി സമീപത്തെ പാടത്തുവെച്ചാണ് രാത്രി പത്തരയോടെ പോലീസ് ഇയാളെ പിടികൂടുന്നത്. പിടിച്ച ശേഷം രാത്രി തന്നെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയെന്നും എസ്.പി പറഞ്ഞു.
2019 മുതല്‍ തന്നെ കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ തന്നെ വിട്ടുപോയത് സുധാകരന്റെ കുടുംബം കാരണമാണെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.
വിഷക്കുപ്പിയിലെ പകുതി വിഷം താന്‍ കഴിച്ചെന്നാണ് ചെന്താമര ആദ്യം പോലീസിനോട് പറഞ്ഞത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. വൈദ്യപരിശോധനയില്‍ ഇയാള്‍ വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായതായും എസ്.പി കൂട്ടിച്ചേര്‍ത്തു. കടുവയെ പോലെ കരുത്തനാണെന്നാണ് ഇയാള്‍ സ്വയം വിശ്വസിച്ചിരുന്നത്. അതിനാല്‍ തന്നെ മറ്റുള്ളവരെല്ലാം തന്നേക്കാള്‍ താഴെയാണെന്ന് ഇയാള്‍ കരുതിയിരുന്നതായും എസ്.പി പറഞ്ഞു.
പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് ചെന്താമര മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് അത് വിശ്വസിച്ചിട്ടില്ല.
Content Highlights: Police arrest Chentamara (58) for the planned double murder in Nenmara, Palakkad