'ദേശീയപാത തകര്‍ന്നതില്‍ എന്താണ് സംഭവിച്ചത്' ; ഇടക്കാല റിപ്പോര്‍ട്ട് നൽകാൻ ഹൈക്കോടതി നിര്‍ദേശം

ദുരന്തവഴിയിൽ... മലപ്പുറം കൂരിയാട് പണികൾ പുരോഗമിക്കുന്ന ആറുവരി ദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞുണ്ടായ അപകടം | ഫോട്ടോ: അജിത്‌ ശങ്കരൻ /മാതൃഭൂമി
ദുരന്തവഴിയിൽ... മലപ്പുറം കൂരിയാട് പണികൾ പുരോഗമിക്കുന്ന ആറുവരി ദേശീയപാതയും സർവീസ് റോഡും ഇടിഞ്ഞുണ്ടായ അപകടം | ഫോട്ടോ: അജിത്‌ ശങ്കരൻ /മാതൃഭൂമി

കൊച്ചി: ദേശീയപാത തകര്‍ന്ന വിഷയത്തിൽ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ദേശീയപാത അതോറിറ്റിയോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെയാണ് ദേശീയ പാതയുടെ വിഷയത്തില്‍ കോടതി ഇടപെട്ടത്. 

 ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ദേശീയപാത ആതോറിറ്റിയോട് വിശദീകരണം തേടിയത്. ദേശീയപാത തകര്‍ന്നതില്‍ എന്താണ് സംഭവിച്ചത്, എന്തൊക്കെയാണ് പരിഹാരമാര്‍ഗങ്ങള്‍, എന്തൊക്കെയാണ് നിലവില്‍ ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.  കുറഞ്ഞത് 10 ദിവസത്തെ സാവകാശം റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതനുസരിച്ച് ജൂണ്‍ അഞ്ചിന് കോടതി കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  നിലവില്‍ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു.
 

Content Highlights: Kerala High Court directs National Highway Authority to submit an interim report on the damaged NH