'ചെറിയ തകരാറുകൾ, ദേശീയപാത ആകെ പോയെന്ന് കരുതേണ്ട'; വിഷയം ഗഡ്കരിയുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രത്തെ നേരത്തേതന്നെ അറിയിച്ചതാണെന്നും അവര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അപകടത്തോടുകൂടി ദേശീയപാത ആകെ പോയി എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൊക്കെ നിര്‍മാണത്തില്‍ വരുന്ന ചെറിയ തകരാറുകളാണ്. അത് പരിഹരിക്കാനുള്ള സാങ്കേതിക വൈഭവമൊക്കെ നമ്മുടെ രാജ്യത്തിന് ഇപ്പോഴുണ്ട്. പ്രശ്‌നങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്രതീക്ഷിതമായ ഒരു അപകടാവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നു പറഞ്ഞ മുഖ്യമന്ത്രി, ജൂണ്‍ ആദ്യവാരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും അതില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. അപകടമുണ്ടായെങ്കിലും ദേശീയപാത നിര്‍മാണം വൈകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പറഞ്ഞ സമയത്തിനുള്ളില്‍ത്തതന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റി പരിഹാര നടപടികള്‍ തുടങ്ങി. ഇവിടെ വയഡക്ടോ പാലമോ പണിയുക മാത്രമാണ് പോംവഴിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ബാബു ലാല്‍ മീണ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ നിലവില്‍ വയലില്‍ മണ്ണിട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന പാത പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടിവരും. 276 മീറ്റര്‍ ഭാഗത്താണ് ഇപ്പോള്‍ തകര്‍ച്ച കണ്ടെത്തിയിരിക്കുന്നത്.
നിര്‍മാതാക്കളായ കെ.എന്‍.ആര്‍.സി.എല്‍ നാലു മാസത്തിനകം നിര്‍മാണം പൂര്‍ത്തികരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാത തകര്‍ന്നതിന് പിന്നാലെ സ്വതന്ത്ര വിദഗ്ധസമിതി ദേശീയപാതാ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Content Highlights: Kerala CM Pinarayi Vijayan assures that the national highway collapse is being addressed.