ഇഴപിരിയാത്ത കൂട്ടുകെട്ട്; കേരള പോലീസിലെ ആദ്യ നർകോട്ടിക് ഡോഗ് ബ്രൂസിന് ഇനി രഞ്ജിത്തിന്റെ തണൽ

തൊടുപുഴ: ഇഴപിരിയാത്ത ചങ്ങാത്തമാണ് രഞ്ജിത്തിന് ബ്രൂസിനോട്. കഞ്ചാവ് തോട്ടം കണ്ടെത്താൻ കട്ടപ്പനയിലെ മല കയറുമ്പോഴും കുമളിയിലെ ഇടവഴികളിൽ ലഹരിവിൽപ്പനക്കാരുടെ പിന്നാലെ ഓടുമ്പോഴും ഒരു കൈയകലത്തിലുള്ളയാൾ. ബ്രൂസ് സർവീസിൽനിന്ന് വിരമിക്കുകയാണ്. ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് -എനിക്കൊപ്പം എന്റെ വീട്ടിൽ എന്റെ തൊട്ടടുത്ത് തന്നെയുണ്ടാകും. എല്ലാവരെയും ഞെട്ടിച്ച് നായയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ മറ്റൊരു കഥയുടെ കെട്ടഴിച്ചു രഞ്ജിത്ത് മോഹനെന്ന സിവിൽ പോലീസ് ഓഫീസർ. കേരള പോലീസിന്റെ ആദ്യ നർകോട്ടിക് നായ ബ്രൂസ് എന്ന നീലി ബുധനാഴ്ച സർവീസിൽ നിന്ന് പിരിയുമ്പോൾ കെയർ ടേക്കർ തൊടുപുഴ സ്വദേശി രഞ്ജിത്ത് മോഹൻ തന്നെ അവളെ ഏറ്റെടുക്കും. 11 വർഷമായി നിഴൽപോലെ കൂടെയുള്ളയാളെ പിരിയാൻ കഴിയില്ലെന്നതുതന്നെ കാരണം. സേനയിലെ നടപടിക്രമം പലത് കടന്നാണ് അനുമതി വാങ്ങിയത്. ഇടുക്കി എ.ആർ. ക്യാമ്പിൽ ബുധനാഴ്ച രാവിലെ 10-ന് നടക്കുന്ന വിരമിക്കൽ ചടങ്ങിലാണ് കൈമാറ്റം.
2015 ഏപ്രിലിലാണ് ലാബ് ഇനത്തിൽപ്പെട്ട, മൂന്നുമാസം പ്രായമുള്ള ബ്രൂസ് ശ്വാനസേനയുടെ ഭാഗമായത്. തൃശ്ശൂരിലെ ട്രെയിനിങ് അക്കാദമിയിലേക്ക് കൊണ്ടുപോകുമ്പോൾ അന്നത്തെ ഇടുക്കി എസ്.പി. കെ.വി. ജോസഫാണ് സേനയിൽ നർകോട്ടിക് ഡോഗ് ഇല്ലെന്നും ബ്രൂസിനെ പരിശീലിപ്പിക്കാനും ആവശ്യപ്പെട്ടത്. രഞ്ജിത്തും, മറ്റൊരു സിവിൽ പോലീസ് ഓഫീസറായ ജെറിജോർജും അന്ന് മുതൽ അവൾക്കൊപ്പമായി. സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു അവർക്കവൾ. വളർന്നപ്പോൾ കൂട്ടുകാരായി. 2015 ജൂണിൽ പരിശീലനം പൂർത്തിയാക്കി ഇടുക്കിയിലെത്തി.
സിനിമാക്കഥകളെപോലും വെല്ലുന്ന രീതിയിൽ സംഘം കുമളിയിലും രാജാക്കാടുമെല്ലാം ലഹരിസംഘങ്ങളെ പിന്തുടർന്നു. കാട്ടിലും മലയിലും കയറി ലഹരിവഴികളടച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ അവളെ വിജയിയാക്കി. അവരൊരു കുടുംബമായി. പൈനാവിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയാലും ബ്രൂസിന്റെ വിവരങ്ങൾ അന്വേഷിക്കും. വിരമിക്കുന്ന തീയതി അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടിയപ്പോൾ രഞ്ജിത്തിന്റെ ഉള്ളിൽ തീയായിരുന്നു. അവളെ ഷെൽട്ടർ ഹോമിലേക്ക് പറഞ്ഞയയ്ക്കാൻ വയ്യ. സേനയിലെ നായയെ നോക്കുന്നയാൾക്ക് അതിനെ ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ട്. ആ വഴിയിൽ കുറേ അലഞ്ഞു. ഒടുവിൽ ആ സ്‌നേഹംകണ്ട് സേന അനുമതിയും കൊടുത്തു. ബുധനാഴ്ച ബ്രൂസ് രഞ്ജിത്തിനൊപ്പം തൊടുപുഴയിലെ വീട്ടിലേക്ക് മലയിറങ്ങും.
Content Highlights: Kerala`s first narcotic dog, Bruce, retires after 11 years of dedicated service. See the heartwarming bond as handler Ranjith Mohan adopts her.