MLAമാർക്ക് ഓഫീസ് വാടകയ്ക്ക് പ്രത്യേക തുകയില്ല; മണ്ഡല അലവൻസായി 25000 രൂപ; നിയമസഭാ സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: എംഎൽഎമാർക്ക് ഓഫീസ് വാടകയ്ക്കായി പ്രത്യേക തുക സർക്കാർ അനുവദിക്കുന്നില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. അതേസമയം മണ്ഡലത്തിലെ ചെലവുകൾക്കായി എല്ലാ എംഎൽഎമാർക്കും 25000 രൂപ പ്രതിമാസം അനുവദിക്കുന്നുണ്ടെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തിന്റെ ഓഫീസ് വാടകയുമായി ബന്ധപ്പെട്ട വിവാദത്തിൽ അഭിഭാഷകൻ സമർപ്പിച്ച കത്തിന് മറുപടിയായിട്ടാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
വളരെ തുച്ഛമായ പ്രതിമാസ വാടക നൽകി ഓഫീസ് പ്രവർത്തിപ്പിക്കുന്ന വി.കെ പ്രശാന്ത് കൂടുതൽ തുക കൈപ്പറ്റുന്നുണ്ടെന്ന ആരോപണമുയർന്നിരുന്നു.
'നിയമസഭാ സമാജികർക്ക് അവരുടെ മണ്ഡലത്തിലെ ഓഫീസിന്റെ വാടക നൽകുന്നതിനായി പ്രത്യേക തുക ഒന്നും തന്നെ നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നും നല്കുന്നില്ല. വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്തിന് മണ്ഡലത്തിലെ ഓഫീസ് വാടക നൽകുന്നതിനായി പ്രത്യേക തുക ഒന്നുംതന്നെ ഇതുവരെ നൽകിയിട്ടില്ല. നിയമസഭാ അംഗം എന്ന നിലയിൽ തങ്ങളുടെ മണ്ഡലത്തിൽ ചുമതല നിർവ്വഹിക്കുന്നതിന് വേണ്ടിയുള്ള ചെലവുകൾക്ക് എല്ലാ സമാജികർക്കും 25,000 രൂപാ മണ്ഡല അലവൻസ് നൽകി വരുന്നു' നിയമസഭാ സെക്രട്ടേറിയറ്റിന്റെ മറുപടി കത്തിൽ പറയുന്നു.
അതേസമയം മണ്ഡല അലവൻസിനെ സംബന്ധിച്ച് മാത്രമുള്ള വിവരങ്ങളാണ് മറുപടിയിൽ ഉള്ളതെന്നും ഇതിന്റെ മൂന്ന് ഇരട്ടിയിൽ കൂടുതൽ മാന്യമായ ശമ്പളം അംഗങ്ങൾക്ക് ലഭിക്കുണ്ടെന്നും കത്ത് നൽകിയ അഭിഭാഷകനായ കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു.
Content Highlights: Kerala MLAs: Clarification on Constituency Office Rent and Monthly Allowances