ദുരൂഹ സാഹചര്യത്തിൽ സ്ത്രീകളെ കാണാതായ കേസ്; അട്ടിമറിയാരോപണം, മുൻ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ

ചേർത്തല: മൂന്നു സ്ത്രീകളെ ദുരൂഹസാഹചര്യത്തിൽ കാണാതായ കേസിൽ പ്രാഥമികാന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തേക്കും. കേസിന്റെ പ്രാഥമികഘട്ടത്തിൽ വലിയ അട്ടിമറികൾ നടന്നതായി ആരോപണമുയർന്നിട്ടുണ്ട്. സെബാസ്റ്റ്യന് സഹായകരമായ നിലപാടുകൾ പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിച്ചതായി പുതിയ അന്വേഷണസംഘങ്ങളും ഉന്നതരെ അറിയിച്ചതായാണ് വിവരം.
ഈ സാഹചര്യത്തിലാണ് സർവീസിൽനിന്നു വിരമിച്ചവരെയടക്കം ചോദ്യംചെയ്യണമെന്ന നിർദേശം ഉയർന്നത്. അതിനായി വകുപ്പുതലത്തിൽ നടപടികൾ തുടങ്ങി. അന്വേഷണത്തെയും ചോദ്യംചെയ്യലിനെയും ഇയാൾ പ്രതിരോധിക്കുന്ന രീതികളിലും ‘ഒരു പോലീസ് പരിശീലനം’ സംശയിക്കുന്നുണ്ട്. വിരമിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരേയാണ് ആരോപണം.
പ്രാഥമികാന്വേഷണത്തിൽ അട്ടിമറിനടന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ ഇവരിൽനിന്ന് അനൗദ്യോഗികമായെങ്കിലും മൊഴിയെടുക്കുമെന്നാണ് വിവരം.
മൂന്നു സ്ത്രീകളുടെയും തിരോധാനത്തിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ പങ്കു വ്യക്തമായിട്ടുണ്ടെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ട സ്ഥിതിയാണ്. കാണാതായ മൂന്നുപേരും കൊല്ലപ്പെട്ടെന്ന ഉറച്ച നിലപാടിലെത്തിയിരിക്കുകയാണ് അന്വേഷണസംഘങ്ങൾ. എന്നാൽ, എങ്ങനെ എവിടെവെച്ചെന്നും ഇവരുടെ മൃതദേഹങ്ങൾ എവിടെയെന്നതുമെല്ലാം വെല്ലുവിളിയാണ്.
അന്വേഷണഘട്ടത്തിൽ ചേർത്തല സ്വദേശി ഹയറുമ്മയെ (ഐഷ) കാണാതായ സംഭവം ഉയർന്നെങ്കിലും ഇതിൽ പ്രാഥമികാന്വേഷണംപോലും നടത്താത്തതിനു പിന്നിൽ സെബാസ്റ്റ്യനു സംരക്ഷണമൊരുക്കുകയായിരുന്നെന്നാണ് പരാതികൾ.
ജെയ്‌നമ്മയുടെ ഫോൺതേടി ക്രൈംബ്രാഞ്ച്; ഐഷ കേസിൽ പുനരന്വേഷണം തുടങ്ങി
: ജെയ്‌നമ്മ കേസിലെ നിർണായകമായ ഫോൺ കണ്ടെത്തുക എന്ന പ്രധാന ആവശ്യത്തിലാണ് സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഫോണിനായി ചേർത്തലയിലും പള്ളിപ്പുറത്തും ഈരാറ്റുപേട്ടയിലും സെബാസ്റ്റ്യന്റെ ഭാര്യവീട്ടിലുമടക്കം സംഘം തിരച്ചിൽനടത്തി. ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഇതു റീച്ചാർജ് ചെയ്ത കടകളിലെല്ലാം സംഘമെത്തി വിവരങ്ങൾ തേടി. ജൂലായ് 19 വരെ ഫോൺ ഇയാളുടെ കൈകളിലുണ്ടായിരുന്നതായി തെളിവു കിട്ടിയിരുന്നു.
19-ന് ഈരാറ്റുപേട്ടയിൽ നൈനാൻപള്ളിക്കു സമീപമുള്ള മൊബൈൽ കടയിൽനിന്ന് ജെയ്‌നമ്മയുടെ നമ്പരിൽ 99 രൂപയ്ക്ക് റീച്ചാർജ് ചെയ്തത് സൈബർസഹായത്താലും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമായിരുന്നു. ഇതിനുശേഷമാണ് ഫോൺ അപ്രത്യക്ഷമായിരിക്കുന്നത്. കാണാതായ ഘട്ടത്തിൽ ജെയ്‌നമ്മ പള്ളിപ്പുറത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയതായും സംഘം കണ്ടെത്തി. പരിചയമില്ലാത്തയാളെ കണ്ട് അവർ അന്വേഷിച്ചപ്പോൾ സമീപത്തെ വീട്ടിലെത്തിയതാണെന്ന് ജയ്നമ്മ മറുപടി നൽകി. വചനസന്ദേശങ്ങളടങ്ങിയ ജെയ്നമ്മയുടെ പഴ്‌സും മരുന്നും വാച്ചും സെബാസ്റ്റ്യൻ അടുപ്പിലിട്ടു കത്തിച്ചെന്നാണ് സംശയം. ഇതിന്റെയെല്ലാം അവശിഷ്ടങ്ങൾ സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവിനായാണ് സംഘം നീങ്ങുന്നത്.
ഇതേസമയം, ഹയറുമ്മ(ഐഷ) കേസിൽ ചേർത്തല പോലീസും പുനരന്വേഷണം തുടങ്ങി. സ്റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: Sebastian's Role Scrutinized as Kerala Police Probe Sabotage in Missing Women Case