മന്ത്രിമാരുടെ ശമ്പളം ₹1.22 ലക്ഷമാക്കി ഉയർത്തി, എംഎൽഎമാർക്ക് ₹98,000; കുറഞ്ഞ പെൻഷൻ പതിനായിരം

#ന്യൂസ് ഡെസ്ക്
കേരള നിയമസഭ
കേരള നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎൽഎമാർ എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർധിപ്പിച്ചു. ഇതുസംബന്ധിച്ച ബിൽ മന്ത്രിസഭ പാസ്സാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്.

മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പ്രതിമാസ ആകെ ശമ്പളവും അലവൻസുകളും നിലവിലെ 1,08,000 രൂപയിൽനിന്ന് 1,22,000 രൂപയായാണ് ഉയർത്തുന്നത്. എംഎൽഎമാരുടെ പ്രതിമാസ ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള തുക 70,000 രൂപയിൽനിന്ന് 98,000 രൂപയാകും. ഇതോടൊപ്പം മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിക്കും.

മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ അടിസ്ഥാന ശമ്പളം നിലവിലെ 2,000 രൂപയിൽനിന്ന് 3,000 രൂപയായി ഉയർത്തും. മണ്ഡല ബത്ത 40,000 രൂപയിൽനിന്ന് 45,000 രൂപയായും കൺവേയൻസ് അലവൻസ് 17,000 രൂപയിൽനിന്ന് 25,000 രൂപയായും വർധിപ്പിക്കും. റോഡ് മാർഗമുള്ള യാത്രകൾക്ക് നിലവിൽ കിലോമീറ്ററിന് 15 രൂപയാണ് അനുവദിക്കുന്നത്. ഇത് കിലോമീറ്ററിന് 20 രൂപയായി ഉയർത്തും.

എംഎൽഎമാരുടെ ശമ്പളത്തിലും വിവിധ അലവൻസുകളിലും വർധനയുണ്ടാകും. നിലവിൽ 70,000 രൂപയായുള്ള പ്രതിമാസ ആകെ തുക 98,000 രൂപയായാണ് ഉയരുന്നത്. എംഎൽഎമാരുടെ സ്ഥിരബത്ത 2,000 രൂപയിൽനിന്ന് 4,000 രൂപയായും മണ്ഡല അലവൻസ് 25,000 രൂപയിൽനിന്ന് 35,000 രൂപയായും വർധിപ്പിക്കും. ഇൻഫർമേഷൻ ബത്ത നിലവിലെ 4,000 രൂപയിൽനിന്ന് 8,000 രൂപയാക്കും. മറ്റു ചെലവുകൾക്കായി അനുവദിക്കുന്ന തുക 8,000 രൂപയിൽനിന്ന് 13,000 രൂപയായി ഉയർത്തും. അതേസമയം, ടെലിഫോൺ അലവൻസിൽ മാറ്റമുണ്ടാകില്ല. നിലവിലുള്ള 11,000 രൂപ തന്നെ തുടരും.

എംഎൽഎമാരുടെ യാത്രാബത്തയിലും വർധനയുണ്ട്. നിലവിലെ 20,000 രൂപയിൽനിന്ന് 30,000 രൂപയായാണ് യാത്രാബത്ത ഉയർത്തുന്നത്. വിമാനയാത്രയ്ക്കുള്ള വാർഷിക അലവൻസ് 50,000 രൂപയിൽനിന്ന് 75,000 രൂപയാക്കും. മൈലേജ് അലവൻസ് കിലോമീറ്ററിന് 10 രൂപയിൽനിന്ന് 15 രൂപയായി വർധിപ്പിക്കും. യാത്രയുമായി ബന്ധപ്പെട്ട ആകസ്മിക ചെലവുകൾക്കായി കിലോമീറ്ററിന് അനുവദിക്കുന്ന ഒരു രൂപ രണ്ട് രൂപയായി ഉയർത്തും. സംസ്ഥാനത്തിനുള്ളിലെ യാത്രകൾക്കുള്ള ദിനബത്ത 1,000 രൂപയിൽനിന്ന് 1,500 രൂപയായും സംസ്ഥാനത്തിന് പുറത്തുള്ള യാത്രകൾക്കുള്ള ദിനബത്ത 1,200 രൂപയിൽനിന്ന് 1,800 രൂപയായും വർധിപ്പിക്കും.

മുൻ എംഎൽഎമാരുടെ പെൻഷൻ തുകയിലും വർധന വരുത്തും. നിലവിലെ കുറഞ്ഞ പ്രതിമാസ പെൻഷനായ 8,000 രൂപ 10,000 രൂപയായി ഉയർത്തും. രണ്ടുവർഷം എംഎൽഎമാരായിരുന്നവർക്ക് നിലവിൽ ലഭിക്കുന്ന 8,000 രൂപയ്ക്കുപകരം പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കും. മൂന്നുവർഷം എംഎൽഎമാരായിരുന്നവരുടെ പെൻഷൻ 12,000 രൂപയിൽനിന്ന് 15,000 രൂപയായും നാലുവർഷം എംഎൽഎമാരായിരുന്നവരുടെ പെൻഷൻ 16,000 രൂപയിൽനിന്ന് 20,000 രൂപയായും ഉയർത്തും.

അഞ്ചുവർഷം എംഎൽഎമാരായിരുന്നവർക്ക് നിലവിലെ 20,000 രൂപയ്ക്കുപകരം പ്രതിമാസം 25,000 രൂപ പെൻഷൻ ലഭിക്കും. അഞ്ചുവർഷത്തിൽ കൂടുതൽ എംഎൽഎമാരായിരുന്നവർക്ക് അധികമായി സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും പ്രതിമാസ പെൻഷനിൽ 1,500 രൂപ വീതം വർധന ലഭിക്കും.

മുൻ എംഎൽഎമാർക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന അധിക പെൻഷൻ ആനുകൂല്യങ്ങളും തുടരും. 70 വയസ്സ് പൂർത്തിയാകുന്നവർക്ക് പ്രതിമാസ പെൻഷനുപുറമേ 4,000 രൂപ അധികമായി ലഭിക്കും. 80 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 5,000 രൂപ അധികമായി നൽകും. മുൻ എംഎൽഎമാർക്ക് ലഭിക്കാവുന്ന പരമാവധി പ്രതിമാസ പെൻഷൻ 60,000 രൂപയായിരിക്കും.

Content Highlights: Ministers' total monthly salary and allowances increased from Rs 1,08,000 to Rs 1,22,000., MLAs' total monthly salary and allowances increased from Rs 70,000 to Rs 98,000., Former MLAs' minimum monthly pension increased from Rs 8,000 to Rs 10,000., Travel allowances, constituency allowances, and information allowances have also been revised upward.