ക്ലാസ് തുടങ്ങി; 'പഠിപ്പി'യായി മുഖ്യമന്ത്രി, ചോദ്യങ്ങളുയർത്തി ചെന്നിത്തല; ഫോണടിച്ചാൽ ഫൈനടിക്കും

കോഴിക്കോട്: മന്ത്രിമാർക്കുള്ള ആദ്യദിവസത്തെ സെഷനിൽ ഏറ്റവുംകൂടുതൽ ചോദ്യങ്ങളുയർന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിൽനിന്ന്. എല്ലാ സെഷനുകളിലും രമേശ് ചെന്നിത്തലയ്ക്ക് ചോദ്യങ്ങളുണ്ടായിരുന്നു. അതിനൊപ്പം തന്റെ അഭിപ്രായങ്ങൾകൂടി രേഖപ്പെടുത്തി അദ്ദേഹം കൈയടി നേടി. വളരെ ഗൗരവമുള്ള സംശയങ്ങൾ ചോദിച്ച് ക്ലാസിലെ പഠിപ്പിയും മിടുക്കനുമായ വിദ്യാർഥിയായി മുഖ്യമന്ത്രി വി.ഡി. സതീശനും മാറി.
എല്ലാ സെഷനുകളിലും സജീവമായിരുന്ന മുഖ്യമന്ത്രി കേരളത്തിന്റെ പൊതുജനാരോഗ്യത്തിന്റെ ഭാവി, കാലാവസ്ഥാപ്രതിസന്ധികളെ പ്രതിരോധിക്കലും തയ്യാറെടുപ്പും തുടങ്ങിയ ക്‌ളാസുകളിലാണ് കൂടുതൽ ഇടപെട്ടത്. ജപ്പാനിലെ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെക്കുറിച്ച് കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷായോട് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചറിഞ്ഞു.
അവരുടെ ദുരന്തപ്രതിരോധ മാർഗങ്ങളെക്കുറിച്ചും മനസ്സിലാക്കി. കാലാവസ്ഥാപ്രവചനം 98 ശതമാനം കൃത്യമാണെന്ന് രാജിബ്ഷാ മറുപടി പറഞ്ഞപ്പോൾ ഇവിടെ ഉരുൾപൊട്ടിയശേഷമാണ് റെഡ് അലർട്ട് ആവാറുള്ളതെന്ന് കേരളത്തിലെ അവസ്ഥയെക്കുറിച്ച് മന്ത്രി ടി. സിദ്ദിഖ് ഷായോട് വിശദീകരിച്ചു.
ബെംഗളൂരുവിലെ നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടിയുടെ ക്ലാസിൽ സംസ്ഥാന സർക്കാരിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. അത് എങ്ങനെ നടപ്പാക്കാമെന്നുള്ള നിർദേശങ്ങൾ ദേവിഷെട്ടി നൽകി. മാത്രമല്ല, അദ്ദേഹത്തിന്റെ ക്ലാസ് ഇഷ്ടപ്പെട്ട് മുഖ്യമന്ത്രി ദേവിഷെട്ടിയെ ഇൻഷുറൻസ് സംബന്ധിച്ച് വിശദചർച്ചയ്ക്കും വിദഗ്ധ അഭിപ്രായങ്ങൾ തേടാനുമായി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
രാജിബ് ഷായുടെ ക്ലാസിനുശേഷം വയനാടിനെ കാലാവസ്ഥാ ആഘാതങ്ങളെ അതിജീവിക്കാനുള്ള ജില്ലയാക്കി മാറ്റിയെടുക്കുന്നതിനുള്ള ഇക്കോസിസ്റ്റം വാർത്തെടുക്കാനുള്ള കൃഷിവകുപ്പിന്റെ മിഷനിൽ ജപ്പാനിലെ കിയോ സർവകലാശാലയുടെ പങ്കാളിത്തവും സിദ്ദിഖ് ഉറപ്പാക്കി.
ഐ.ഐ.എം. ഡയറക്ടർ ദേബാശിഷ് ചാറ്റർജിയുടെ ക്ലാസിനുശേഷം നിയമസഭയിലെ താരമായ മന്ത്രി പി.കെ. ബഷീറിന്റെ വക ഇംഗ്ലീഷിൽ ചോദ്യവുമുണ്ടായി. അതിന് ദേബാശിഷ് ചാറ്റർജിയുടെ മറുപടി ലഭിച്ചപ്പോൾ 'ഐ.ആം ഹാപ്പി' എന്നുപറഞ്ഞ് മന്ത്രി ഇരിപ്പിടത്തിൽ ഇരുന്നു.
ഓരോ ക്‌ളാസും മികച്ച അനുഭവങ്ങൾ മാത്രമല്ല, പുതിയ അറിവുകൾകൂടി സമ്മാനിക്കുന്നതായിരുന്നുവെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. ക്‌ളാസിൽ ആരും ലേറ്റായി കയറുകയോ, അച്ചടക്കം ലംഘിച്ച് സംസാരിക്കുകയോ ചെയ്തില്ലെന്ന് മന്ത്രിമാർ ഒന്നടങ്കം പറഞ്ഞു.
ഫോണടിച്ചാൽ ഫൈനടിക്കും
കോഴിക്കോട്: ക്ലാസ്മുറിയിൽ ഫോൺ റിങ്ങുചെയ്താൽ 1000 രൂപ ഫൈൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഈ പ്രോട്ടക്കോളിൽനിന്ന് മന്ത്രിമാർക്കും ഇളവില്ല. ക്ലാസിൽ കയറുംമുൻപ് ഒന്നുകിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക, അല്ലെങ്കിൽ സൈലന്റ് മോഡിൽ സൂക്ഷിക്കണം എന്നാണ് ഐ.ഐ.എം. അധികൃതർ മന്ത്രിമാർക്ക് നൽകിയിട്ടുള്ള നിർദേശം.
ഇതനുസരിച്ച് ഭൂരിഭാഗം മന്ത്രിമാരും മൊബൈൽ ഫോണുകൾ ക്ലാസിന് പുറത്ത് കാത്തുനിന്ന പേഴ്സണൽ സ്റ്റാഫിനെ ഏൽപ്പിച്ചാണ് ക്ലാസിൽ കയറിയത്.
2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്ക് ഐ.ഐ.എമ്മിൽ ഏകദിന ശില്പശാല നടത്തിയിരുന്നു. ക്ലാസിനിടെ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ഫോൺ റിങ് ചെയ്തു. മന്ത്രിയെന്ന പരിഗണനയൊന്നും അന്ന് അദ്ദേഹത്തിനു നൽകിയില്ല.
മന്ത്രിമാർക്കുള്ള ക്ലാസ്
ബെല്ലടിയുടെ ശബ്ദമുയർന്നില്ലെങ്കിലും ക്ലാസിൽ മന്ത്രിമാരെല്ലാം കൃത്യസമയത്തുതന്നെ ഹാജർ. വിദഗ്ധ അധ്യാപകരുടെ ക്ലാസുകളിലെ പോയിന്റുകൾ അവർ വിദ്യാർഥികളായി നോട്ടുബുക്കിൽ സസൂക്ഷ്മം കുറിച്ചിട്ടു...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.) നടത്തുന്ന ദ്വിദിന നേതൃത്വ ശില്പശാലയിലാണ് (റീ ഇമാജിനിങ് കേരളം) സംസ്ഥാനത്തെ നയിക്കുന്ന മുഴുവൻ മന്ത്രിമാരും വിദ്യാർഥികളായി ശ്രദ്ധാപൂർവം ഇരുന്നത്.
വെറും കേൾവിക്കാരാകുന്നതിനുമപ്പുറം കേരളത്തിന്റെ ഭാവിവികസനത്തിന് പുതിയ ദിശകളും സാധ്യതകളും കണ്ടെത്താനുള്ള ചർച്ചകളും സംശയനിവാരണവുമെല്ലാമുള്ള രണ്ടുദിവസത്തെ ശില്പശാലയ്ക്കാണ് ഐ.ഐ.എമ്മിൽ തുടക്കമായത്.
മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രിമാരെയും കൂടാതെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. കേൽക്കർ, ഒ.എസ്.ഡി. എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
കാമ്പസിലെ മാനേജ്മെന്റ് ഡിവലപ്മെന്റ് സെന്ററിൽ നടക്കുന്ന ശില്പശാലയ്ക്ക് മുഖ്യമന്ത്രി നിലവിളക്കുകൊളുത്തി തുടക്കംകുറിച്ചു. രാവിലെ 9.30-ന് ആദ്യസെഷൻ ആരംഭിച്ചു. വിഷയത്തിലൂന്നിയ ചർച്ചകൾ ചൂടുപിടിച്ചതോടെ ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി നയിച്ച ആദ്യസെഷനായ 'നിർമിതബുദ്ധിയുഗത്തിലെ പരിവർത്തനാത്മക നേതൃത്വം' തന്നെ 15 മിനിറ്റോളം അധികംനീണ്ടു.
'കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുക' എന്ന വിഷയത്തിൽ ചെന്നൈ അരവിന്ദ് ഐ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ശ്രീനിവാസൻ, 'അപകടസാധ്യതകൾക്കൊപ്പം ജീവിക്കുക: കാലാവസ്ഥാ പ്രതിരോധശേഷിയും സമൂഹത്തിന്റെ തയ്യാറെടുപ്പും' എന്ന വിഷയത്തിൽ ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, പ്രൊഫ. അനുപംദാസ്, 'നയങ്ങളിൽനിന്ന് പെരുമാറ്റത്തിലേക്ക്: ഫലപ്രദമായ ഭരണനിർവഹണത്തിന്റെ ശാസ്ത്രം' എന്ന വിഷയത്തിൽ കിങ്സ് കോളേജ് ലണ്ടനിലെ അസോ. പ്രൊഫ. ഡോ. സഞ്ജയൻ ബാനർജി, ഐ.ഐ.എം. കോഴിക്കോട് പ്രൊഫ. സിദ്ധാർഥ് പാധി, 'കേരളത്തിന്റെ പൊതുജനാരോഗ്യ ഭാവി' എന്ന വിഷയത്തിൽ നാരായണ ഹെൽത്ത് സ്ഥാപകൻ ദേവി ഷെട്ടി (ഓൺലൈൻ) എന്നിവരാണ് ക്ലാസുകൾ നയിച്ചത്. വൈകീട്ട് 5.30-ഓടെ ക്ലാസുകൾ സമാപിച്ചു.
ആദ്യദിനം അഞ്ചുമണിക്കൂറിലധികമാണ് മന്ത്രിമാർ ക്ലാസുകളിൽ ചെലവഴിച്ചത്. വിവിധ വിഷയങ്ങളിൽ മന്ത്രിമാർ ചോദ്യങ്ങൾ ഉന്നയിച്ചു. ഒപ്പം, അഭിപ്രായങ്ങൾ പങ്കുവെക്കുകയും കേരളത്തിന്റെ ദീർഘകാല വികസനസാധ്യതകൾ വിലയിരുത്തുകയുംചെയ്തു. ശനിയാഴ്ച ഉച്ചയോടെ ശില്പശാല സമാപിക്കും. സമാപനച്ചടങ്ങിൽ മന്ത്രിമാർക്ക് ഐ.ഐ.എം. സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും.
അന്നത്തെ ക്ലാസിൽ ഉമ്മൻചാണ്ടിയായിരുന്നു ഏറ്റവുംനല്ല കുട്ടി…
2011-ൽ ആദ്യമായി കേരളത്തിലെ മന്ത്രിമാർ കോഴിക്കോട് ഐ.ഐ.എമ്മിലെ പഠിതാക്കളായതിന്റെ ഒാർമ്മകൾ അന്നത്തെ മന്ത്രിസഭാ അംഗമായ ഡോ. എം.കെ. മുനീർ മാതൃഭൂമിയുമായി പങ്കുവെക്കുന്നു...
കോഴിക്കോട്: ഞങ്ങളും ഐ.ഐ.എമ്മിലെ പൂർവ വിദ്യാർഥികളാണെന്നാണ് പുതിയ ബാച്ചിനോടു പറയാനുള്ളത്. ഞങ്ങൾക്കും ഐ.ഐ.എമ്മിന്റെ സർട്ടിഫിക്കറ്റുണ്ട്. അന്ന് ഞങ്ങൾ ഉമ്മൻചാണ്ടിയുടെ ബാച്ചായിരുന്നു. ആ ക്ലാസിൽ ഏറ്റവുംകൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഉമ്മൻചാണ്ടിയാണ്. ഒരു നോട്ടുബുക്കുമായി എല്ലാം കുറിച്ചെടുത്ത് ശരിക്കും ഒരു വിദ്യാർഥിയെപ്പോലെ തന്നെയാണ് അദ്ദേഹമിരുന്നത്.
സാധാരണ മന്ത്രിമാർ പറഞ്ഞുകൊണ്ടിരിക്കുകയും മറ്റുള്ളവർ കേട്ടുകൊണ്ടിരിക്കുകയുമാണ് പതിവ്. പക്ഷേ, രണ്ടു ദിവസം എല്ലാമന്ത്രിമാരും അച്ചടക്കമുള്ള വിദ്യാർഥികളായിരുന്നു.
ത്രിതല സംവിധാനത്തിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്നതിനെക്കുറിച്ചാണ് ഐ.ഐ.എം. ഡയറക്ടർ ദേബാഷിഷ് ചാറ്റർജി ഉമ്മൻചാണ്ടിയുമായി ചർച്ച ചെയ്തത്. പക്ഷേ, അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ആദ്യം ക്ലാസെടുക്കൂവെന്ന്. അങ്ങനെയാണ് സംസ്ഥാനത്ത് ആദ്യമായി മന്ത്രിമാർ ഐ.ഐ.എം ‘വിദ്യാർഥികളായത്’.
എങ്ങനെ അഡ്മിനിസ്‌ട്രേഷൻ മാനേജ് ചെയ്യാം എന്നതിന്റെ ഐഡിയ രണ്ട് ദിവസത്തെ ക്ലാസിൽ കിട്ടും. േക്ഷമവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്നു കൂടുതൽ ചർച്ച ചെയ്തത്.
ഉമ്മൻചാണ്ടി േക്ഷമത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നയാളാണല്ലോ. വികസനവും ജനാധിപത്യസംവിധാനവുമാണ് അന്ന് ക്ളാസിൽ അവതരിപ്പിച്ചത്. ഏതു വികസനത്തിലും ജനങ്ങൾ കൂടെയുണ്ടാവണം എന്നതിനാണ് അവർ ഊന്നൽ നൽകിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ഫാസ്റ്റ് ഗവേണൻസ് ഏറ്റവും എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇത്തവണ ഐ.ഐ.എം. അങ്ങനെ ഒരു നിർദേശം കൊടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പെട്ടെന്ന് ഗ്രഹിക്കുന്ന ആളാണ്. ഒരുവർഷംകൊണ്ട് ക്ളാസിന്റെ പ്രയോജനം നമുക്കു കാണാൻ കഴിയും.
Content Highlights: Kerala Chief Minister and ministers participate in a two-day leadership workshop at IIM Kozhikode., Sessions covered artificial intelligence, public health, climate resilience, and governance., Strict discipline maintained, including fines for mobile phone usage during sessions., Discussions included collaborations with international experts like Prof. Rajib Shaw and Dr. Devi Shetty.