സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ബി.പി.എല്‍. വിദ്യാര്‍ഥികളുടെ ഫീസ് കുടിശ്ശിക നല്‍കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ബി.പി.എല്‍. വിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് കുടിശ്ശിക നല്‍കാതെ സര്‍ക്കാര്‍. ഫീസ് കുടിശ്ശികയുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് കോളേജ് മാനേജ്മെന്റുകള്‍. ചില കോളേജുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കുന്നത് അവസാനിപ്പിച്ചു.
20 ശതമാനംവരെ ഹാജര്‍ കുറഞ്ഞാല്‍ സര്‍വകലാശാലാപരീക്ഷ എഴുതാനാകില്ല. കോളേജുകള്‍ ഹാജര്‍ നല്‍കുന്നില്ലെന്ന കാര്യം ആരോഗ്യമന്ത്രിയെ പലതവണ അറിയിച്ചിട്ടും നടപടിയില്ല.
40 മുതല്‍ 50 കോടി വരെയാണ് ഓരോ സ്വാശ്രയ മെഡിക്കല്‍ കോളേജിനും സര്‍ക്കാര്‍ നല്‍കാനുള്ളത്. ബി.പി.എല്‍. വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് തുകയുടെ 90 ശതമാനം സംസ്ഥാനസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായാണ് കോളേജുകള്‍ക്ക് നല്‍കുന്നത്. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് വന്നതോടെ 2020 ബാച്ചുമുതലുള്ള കുട്ടികളുടെ ഫീസ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. കേസുകളുടെ തീര്‍പ്പനുസരിച്ചേ ഫീസ് നല്‍കൂവെന്നതാണ് നിലപാട്.
ഫീസില്‍ വിട്ടുവീഴ്ച വേണമെന്നതില്‍ മാനേജ്മെന്റുകളും വഴങ്ങുന്നില്ല. വിദ്യാര്‍ഥികള്‍ താത്കാലികമായി പണം അടയ്ക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഫീസ് കുടിശ്ശിക കിട്ടാതെ കോളേജുകള്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് പറയുന്നു മാനേജ്മെന്റുകള്‍. 150 മെഡിക്കല്‍ സീറ്റുള്ള ഒരു കോളേജില്‍ യു.ജി., പി.ജി. കോഴ്സുകളിലായി 30-40 ശതമാനം വിദ്യാര്‍ഥികള്‍ ഫീസ് സൗജന്യമുള്ളവരാകും.
ബി.പി.എല്‍., എസ്.സി., എസ്.ടി. വിദ്യാര്‍ഥികളുടെ ഫീസിനത്തില്‍ 70 കോടിവരെ കിട്ടാനുള്ള കോളേജുകളുണ്ടെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ ഇക്കാര്യമറിയിച്ചിട്ടുണ്ടെന്നും പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു.
Content Highlights: Kerala`s private medical colleges face fee arrears from BPL students due to government delays.