ട്രെയിനില്‍നിന്ന് വീണു, ബൈക്ക് കൈകാട്ടിനിര്‍ത്തി ആശുപത്രിയിലെത്തി; അത്ഭുതകരമായ രക്ഷപ്പെടല്‍

ഒഞ്ചിയം: എറണാകുളം-വടകര ട്രെയിൻ യാത്രക്കിടെ ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾ ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് ചെറിയപരിക്കുകളോടെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ജനുവരി ഒന്നിനായിരുന്നു സംഭവം. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
ഇൻറർസിറ്റി എക്സ്പ്രസിൽ വലിയ തിരക്കുകാരണം ഡോറിനടുത്തിരുന്ന് യാത്രചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയതു കാരണം വിനായക് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഒന്നും തിരിച്ചറിയാൻ കഴിയാതെ കണ്ണുതുറന്നു നോക്കുമ്പോൾ ട്രെയിൻ കുതിച്ചുപായുന്നതാണ് കണ്ടത്. എന്തോ വീണതായി യാത്രക്കാർ പറയുന്നതുകേട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിനായക് ഫോണിൽ സംഭവം പറഞ്ഞത്.
ഫോൺ നഷ്ടപ്പെടാതെ കൈവശമുണ്ടായിരുന്നു. കൈകാട്ടിനിർത്തിയ ബൈക്ക് യാത്രക്കാരനായ ഒരു യുവാവിനോട് സംഭവം പറഞ്ഞപ്പോൾ അവർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. പുറംഭാഗത്തും തലയ്ക്കും പരിക്കേറ്റ വിനായകിനെ നാട്ടിലെത്തിച്ച്, മാഹി ഗവ. ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ചോമ്പാല അന്നപൂർണേശ്വരി ശ്രീ ഭദ്ര വിഷ്ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തന്‍റെയും ബിനിയുടെയും ഏകമകനാണ് വിനായക് ദത്ത്. മകന്‍റെ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം.
Content Highlights: A 25-year-old man miraculously survived falling from a moving train near Irinjalakuda