മണിക്കൂറുകൾകൊണ്ട് അക്കൗണ്ടിലെത്തിയത് 3500 കോടിയിലേറെ രൂപ; നെഞ്ചിടിപ്പ് മാറാതെ സുമേഷ് കുമാർ

#ന്യൂസ് ഡെസ്ക്
എരൂരിലെ ദർശന സൂപ്പർമാർട്ട് ഉടമ സുമേഷ് കുമാർ തന്റെ സ്ഥാപനത്തിൽ
എരൂരിലെ ദർശന സൂപ്പർമാർട്ട് ഉടമ സുമേഷ് കുമാർ തന്റെ സ്ഥാപനത്തിൽ

തൃപ്പൂണിത്തുറ: രണ്ടു തവണയായി തന്റെ അക്കൗണ്ടിലേക്ക് ഏഴുകോടിയിലേറെ രൂപ വന്നതു കണ്ടു ഞെട്ടിയ സുമേഷ് കുമാർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ബാങ്ക് ബാലൻസ് 3500 കോടി. സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്തത്ര വലിയ തുക അക്കൗണ്ടിലെത്തിയതുകണ്ട് അന്ധാളിച്ചു പോയ സുമേഷ് ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് പഴയ രീതിയിലാക്കി. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് ഒരു പകൽ സമയത്തേക്ക് മാത്രമായെങ്കിലും കുബേരനായി മാറിയ എരൂരിലെ ദർശന സൂപ്പർ മാർട്ട് ഉടമ ടി.യു. സുമേഷ് കുമാർ പറയുന്നു.

വ്യാഴാഴ്ചയാണ് സംഭവം. സാധാരണ രാവിലെ 6.30-ന് തൃപ്പൂണിത്തുറയിൽ ക്രിക്കറ്റ് കളിക്കാൻ പോകാറുണ്ട്. പതിവുപോലെ 8.30-ഓടെ വീട്ടിലെത്തി. ബിസിനസ് സംബന്ധമായ ട്രാൻസാക്ഷൻസ് ഫോണിൽ നോക്കുന്നത് പതിവാണ്. അങ്ങനെ നോക്കിയപ്പോഴാണ് തന്റെ അക്കൗണ്ടിൽ വന്നിരിക്കുന്ന തുക കണ്ട് അന്ധാളിച്ചുപോയത്. മൂന്നരക്കോടിയിലേറെ രൂപ ആദ്യം വന്നു. പിന്നെയും അത്രത്തോളം തുക വീണ്ടും ട്രാൻസ്ഫർ ചെയ്തിരിക്കുന്നു.

ബാങ്ക് ബാലൻസായി കിടക്കുന്ന തുക കണ്ടതിന്റെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. എണ്ണാൻ പോലും പറ്റാത്ത വിധം അക്കങ്ങൾ. 3500 കോടിയിലധികം രൂപയായിരുന്നു അത്. എന്തോ കുഴപ്പം സംഭവിച്ചതായി തോന്നി. പിന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു നോക്കി. എന്നിട്ടും മാറ്റം ഒന്നും കണ്ടില്ല. ഉടൻ സ്ക്രീൻ ഷോട്ട് എടുത്ത് എന്തു ചെയ്യണമെന്ന് ചോദിച്ച് സുഹൃത്തുക്കളുള്ള ഗ്രൂപ്പിൽ ഇട്ടു. വിവരം പറഞ്ഞ് വോയ്സ് മെസേജും.

വിജിലൻസിലുള്ള വ്യക്തി പറഞ്ഞതു പ്രകാരം ഉടൻ ആർ.ബി.ഐ.യിലും അക്കൗണ്ടുള്ള സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ച് ഹെഡ്ഡിനെയും അറിയിച്ചു. സ്ക്രീൻ ഷോട്ടും അയച്ചുകൊടുത്തു. എത്രയുംപെട്ടെന്ന് തന്റെ ബാങ്ക് അക്കൗണ്ട് പഴയ രീതിയിലാക്കിത്തരണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണെന്ന് ബാങ്കുകാർക്കും ആദ്യം പിടിത്തം കിട്ടിയില്ല. ഉച്ചയായിട്ടും മാറ്റം ഒന്നും വരാതിരുന്നപ്പോൾ പരാതിപ്പെടുമെന്ന് ബാങ്കുകാരെ അറിയിച്ചു. കുറച്ചു കൂടി ക്ഷമിക്കാൻ അവർ പറഞ്ഞു. വൈകീട്ടായതോടെ ബാങ്ക് അക്കൗണ്ട് പഴയ രീതിയിലായി. അപ്പോഴാണ് ആശ്വാസമായത്. എന്താണ് സംഭവിച്ചതെന്ന് ബാങ്കുകാരും പറഞ്ഞിട്ടില്ല- സുമേഷ് കുമാർ പറഞ്ഞു.

കാരണങ്ങൾ പലത്

ക്ലറിക്കൽ തെറ്റ് മൂലമോ ടെക്‌നിക്കൽ തകരാർ മൂലമോ വലിയ തുക തെറ്റി അക്കൗണ്ടിൽ വരാമെന്ന് ബാങ്കിങ് വിദഗ്ധൻ പറയുന്നു. തുകയുടെ സ്ഥാനത്ത് ജീവനക്കാർ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതുമൂലം വലിയ തുക എത്തിയ കേസുകളും ഉണ്ടായിട്ടുണ്ട്.

Content Highlights: Thrippunithura resident T.U. Sumesh Kumar found over Rs 3,500 crore in his private bank account., The massive amount was credited in two installments on a Thursday morning., Sumesh immediately informed the RBI and the bank branch head to rectify the error., The bank restored the account to its original balance by the evening., Banking experts attribute the incident to a clerical or technical error.