മാസം 1.10 കോടി പിഴ, എന്നിട്ടുമില്ല ശുചിത്വം; പകർച്ചവ്യാധികൾ പടരുമ്പോഴും മാലിന്യംതള്ളലിന് കുറവില്ല

കോഴിക്കോട്: പകർച്ചവ്യാധികൾ പടരുമ്പോഴും പൊതുശുചിത്വവും മാലിന്യപരിപാലനവും ഉറപ്പാക്കുന്നതിൽ നമ്മൾ പിന്നിൽത്തന്നെ. സംസ്ഥാനത്തുടനീളം തദ്ദേശവകുപ്പും ശുചിത്വമിഷനും ചേർന്ന് നടത്തിയ പരിശോധനയിൽ ജൂണിൽമാത്രം ചുമത്തിയത് 1,10,54,785 രൂപ പിഴ. ഇതിൽ 49,17,340 രൂപ പിഴയടച്ചു. 23,519 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽനിന്നാണിത്. മാലിന്യം വലിച്ചെറിഞ്ഞതിനുൾപ്പെടെയാണ് പിഴ ഈടാക്കിയിട്ടുള്ളത്.
വെള്ളവും ഭക്ഷണപദാർഥവും മലിനമാകുന്നതാണ് പലതരം രോഗങ്ങൾക്കും കാരണം. ഇത്തവണ ഷിഗെല്ലയുൾപ്പെടെയുള്ള രോഗങ്ങൾ വലിയരീതിയിൽ ബാധിച്ചു. ഈ വർഷം 281 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിൽ 205-ഉം ജൂണിൽ റിപ്പോർട്ട് ചെയ്തതാണ്.
പിഴ കുറവ് ഇടുക്കിയിൽ
ശുചിത്വപരിശോധനയുമായി ബന്ധപ്പെട്ട് നിയമനടപടികളും പിഴയും ഏറ്റവും കുറവ് ഇടുക്കി ജില്ലയിൽ. ഒരുമാസത്തിനിടെ 218 നിയമനടപടികൾ മാത്രമാണുണ്ടായത്. ആകെ ചുമത്തിയ പിഴയാകട്ടെ വെറും 2000 രൂപയും. പത്തനംതിട്ടയിൽ 262 നിയമനടപടികളിൽനിന്നായി 48,000 രൂപയും പാലക്കാട്ട് 566 േകസുകളിൽനിന്ന് 2,24,000 രൂപയും പിഴയീടാക്കി.
മലപ്പുറത്താണ് ഏറ്റവുമധികം നിയമനടപടികളും പിഴയുംചുമത്തിയത്. 9475 കേസുകളിലായി 41,36,105 രൂപയാണ് മലപ്പുറത്ത് പിഴചുമത്തിയത്.
Content Highlights: Despite LSGD and Suchitwa Mission imposing over ₹1.10 crore in fines during June across 23,000+ inspections, persistent public waste dumping continues to trigger serious waterborne disease outbreaks like Shigella in Kerala.