'മേല്‍വിലാസമോ മറ്റുവിവരങ്ങളോ വെളിപ്പെടുത്താനില്ല'; 20 കോടിയുടെ ഭാഗ്യശാലി സത്യൻ ടിക്കറ്റ് കൈമാറി

കണ്ണൂര്‍: ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിച്ച ഇരിട്ടിയിലെ സത്യന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കിന് കൈമാറി. ഫെഡറല്‍ ബാങ്കിന്റെ ഇരിട്ടി ശാഖയിലെത്തിയാണ് ഭാഗ്യശാലി ടിക്കറ്റ് കൈമാറിയത്. എന്നാല്‍, തന്റെ മേല്‍വിലാസമോ കൂടുതല്‍വിവരങ്ങളോ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ബാങ്ക് അധികൃതരോടും നിര്‍ദേശിച്ചിട്ടുണ്ട്.
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 20 കോടി രൂപയാണ് ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചത്. മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലായിരുന്നു ഈ ടിക്കറ്റ് വില്‍പ്പന നടത്തിയത്.
'മുത്തു' ലോട്ടറി ഏജന്‍സിയില്‍നിന്ന് സത്യന്‍ എന്നയാള്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജന്‍സി ജീവനക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യന്‍ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെന്നും ഇവര്‍ പറഞ്ഞിരുന്നു.
ജനുവരി 24-നാണ് സത്യന്‍ എന്നയാള്‍ മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യന്‍ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജന്‍സിയിലുള്ളവര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജന്‍സിയിലൂടെയാണ് ക്രിസ്മസ് ബമ്പറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്പറിലുള്ള ടിക്കറ്റ് വിറ്റത്. ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജന്‍സി ഉടമ അനീഷ് നേരത്തെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സത്യന്‍ എന്നയാളാണ് ഒന്നാംസമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയതെന്നകാര്യം ഏജന്‍സി ജീവനക്കാര്‍ സ്ഥിരീകരിച്ചത്.
Content Highlights: kerala lottery christmas bumper winner sathyan from iritty kannur given his ticket to bank