പങ്കെടുത്തത് പിണറായിയുടെ സ്വകാര്യവിരുന്നിലല്ല, പേപ്പട്ടിയെന്ന് വിളിച്ചില്ല- വിശദീകരിച്ച്‌ ലോകായുക്ത

ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും (ഫയല്‍ ചിത്രം)
ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും (ഫയല്‍ ചിത്രം)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി ലോകായുക്ത. ക്ഷണം ലഭിച്ചതുകൊണ്ടാണ് വിരുന്നില്‍ പങ്കെടുത്തതെന്ന് ലോകായുക്ത വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്, പിണറായി വിജയന്‍ നടത്തിയ സ്വകാര്യ വിരുന്നല്ല. ലോകായുക്തയും ഉപലോകായുക്തയുമല്ലാതെ വേറെ ജഡ്ജിമാര്‍ ആരും പങ്കെടുത്തില്ലെന്നത് ദുരുദ്ദേശപരമായ ദുഷ്പ്രചാരണമാണ്. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യസംഭാഷണം നടത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും ലോകായുക്ത പറയുന്നു.

ഔദ്യോഗിക വിരുന്നില്‍ പങ്കെടുത്താല്‍ സര്‍ക്കാരിനു അനുകൂലമായി വിധി എഴുതുന്നവരാണ് ജഡ്ജിമാര്‍ എന്ന ചിന്ത അധമവും സംസ്‌കാരരഹിതവുമാണ്. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ലോകായുക്ത വ്യക്തമാക്കുന്നു.

വാര്‍ത്താക്കുറിപ്പിലാണ് ലോകായുക്തയുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട മൂന്ന് വിവാദങ്ങളിലാണ് പ്രധാനമായും ലോകായുക്തയുടെ മറുപടി. മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റല്‍ കേസില്‍ ഭിന്നാഭിപ്രായം എന്തെന്ന് ചൂണ്ടിക്കാണിക്കാതെ ഫുള്‍ ബെഞ്ചിന് വിട്ടതിലും കേസിലെ ഹര്‍ജിക്കാരന്‍ ആര്‍.എസ്. ശശികുമാറിനെ പേപ്പട്ടിയോട് ഉപമിച്ചുവെന്ന ആരോപണത്തിലും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിലും ലോകായുക്ത വാര്‍ത്താക്കുറിപ്പില്‍ അക്കമിട്ട് മറുപടി നല്‍കുന്നു.

വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ അതിന്റെ വായില്‍ കോലിടാന്‍ നില്‍ക്കാതെ ഒഴിഞ്ഞുമാറിപ്പോകുന്നതാണ് വിവേകമെന്ന് പറഞ്ഞത് വിവേകപൂര്‍വ്വമായ പ്രതികരണത്തിന്റെ ഒരു ഉദാഹരണമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആശയം വിശദമാക്കാന്‍ ഉദാഹരണം പറഞ്ഞാല്‍ പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചു എന്നുപറഞ്ഞു ബഹളമുണ്ടാക്കുന്നത് നിയമ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. ലോകായുക്ത പരാതിക്കാരനെ പേപ്പട്ടിയെന്നു വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും ലോകായുക്ത വ്യക്തമാക്കുന്നു.

ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് നിയമാനുസൃതമാണ്. ബെഞ്ചിലെ ജഡ്ജിമാര്‍ പ്രത്യേകം വിധിന്യായങ്ങള്‍ എഴുതിയില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. കേസ് മൂന്നംഗ ബെഞ്ചിനു വിടുമ്പോള്‍ പ്രത്യേകം വിധിന്യായങ്ങള്‍ എഴുതണമെന്നോ, രണ്ടുപേരുടെയും നിലപാടുകള്‍ എന്താണെന്നു വ്യക്തമാക്കണമെന്നോ, പ്രസ്തുതനിലപാടിന്റെ സാധൂകരണം എന്താണെന്ന് വിശദീകരിക്കണമെന്നോ നിയമം ആവശ്യപ്പെടുന്നില്ല. വ്യക്തമാക്കപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ തങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടെന്നു രേഖപ്പെടുത്തിയാല്‍ മതിയെന്നും ലോകായുക്ത പറയുന്നു.

Content Highlights: Kerala Lok Ayukta explanation on controversies