തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് ടേം നിബന്ധനയില്‍ ഇളവ് നല്‍കാനുള്ള മുസ്‌ലിംലീഗ് തീരുമാനത്തില്‍ യൂത്ത് ലീഗിന് അമര്‍ഷം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ടേം എന്ന നിബന്ധനയില്‍ ഇളവുനല്‍കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തില്‍ യൂത്ത് ലീഗിന് അമര്‍ഷം. മൂന്നു തവണ ജനപ്രതിനിധികളായിട്ടുണ്ടെങ്കിലും പ്രധാന നേതാക്കള്‍ക്ക് അത്യാവശ്യമെങ്കില്‍ ഒരു തവണ കൂടി ഇളവു നല്‍കാമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇത് 2020-ല്‍ നടപ്പാക്കിയ തീരുമാനത്തില്‍ വെള്ളംചേര്‍ക്കലാണെന്നാണ് യൂത്ത് ലീഗിന്റെ വിമര്‍ശനം.
പ്രധാന നേതാക്കളുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങള്‍ക്കും അനിവാര്യമാണെങ്കില്‍ വീണ്ടും അവസരം നല്‍കാമെന്നാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം കമ്മിറ്റികളുടെ ഏകകണ്ഠമായ ശുപാര്‍ശയുടെ അടിസ്ഥാനത്തിലേ പ്രത്യേക പരിഗണന നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്.
എന്നാല്‍, ഈ ഇളവിനായി കൂടുതല്‍പ്പേര്‍ രംഗത്തെത്തുമെന്നും അത് പുതിയ ആളുകള്‍ക്ക് അവസരം നഷ്ടപ്പെടുത്തുമെന്നുമാണ് യൂത്ത് ലീഗ് നേതാക്കളുടെ വിമര്‍ശനം.
വ്യാഴാഴ്ച നടന്ന യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയിലടക്കം വിമര്‍ശനമുയര്‍ന്നു. മറ്റു ചില ജില്ലാ കമ്മിറ്റികള്‍ക്കും ഇതേ നിലപാടാണ്. ഇക്കാര്യം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളടക്കമുള്ള നേതാക്കളെ അറിയിക്കാനാണു നീക്കം.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ലീഗ് മൂന്ന് ടേം വ്യവസ്ഥ കൊണ്ടുവന്നത്. കൂടുതല്‍ യുവാക്കളെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനും 30 ശതമാനം സീറ്റുകളെങ്കിലും പുതുമുഖങ്ങള്‍ക്കു നല്‍കാനും തീരുമാനിച്ചിരുന്നു. ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് നടപ്പാക്കിയതെങ്കിലും ആ തീരുമാനം പാര്‍ട്ടിക്കു വലിയ നേട്ടമായി. അതിന്റെ തുടര്‍ച്ചയായി 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്ന് ടേം നിബന്ധന ഭാഗികമായി നടപ്പാക്കി. ലീഗ്സ്ഥാനാര്‍ഥികളായി വന്ന 10 പുതുമുഖങ്ങളില്‍ മൂന്നുപേര്‍ യൂത്ത് ലീഗില്‍ നിന്നായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതല്‍ ഇളനുവദിച്ചാല്‍ അവസരം കുറയുമെന്ന ആശങ്കയും യൂത്ത് ലീഗ് നേതാക്കള്‍ക്കുണ്ട്.
പാര്‍ലമെന്ററി ബോര്‍ഡില്‍ നാലുപേര്‍ മാത്രം
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയം, മുന്നണി ധാരണകള്‍, സീറ്റ് വിഭജനം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനായി രൂപവത്കരിച്ച ജില്ലാ പാര്‍ലമെന്ററി ബോര്‍ഡുകളിലും യുവാക്കളെ അവഗണിച്ചെന്ന വികാരം യൂത്ത് ലീഗിലുണ്ട്. 96 അംഗങ്ങളില്‍ ടി.പി. അഷ്റഫലി, പി.കെ. ഫിറോസ്, ഷിബു മീരാന്‍, പി. ഇസ്മായില്‍ എന്നിവര്‍ മാത്രമാണ് യൂത്ത് ലീഗ് ഭാരവാഹികള്‍. എംഎസ്എഫില്‍നിന്ന് പി.കെ. നവാസ് മാത്രവും. വനിതാ പ്രതിനിധ്യമില്ലെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് 14 ജില്ലാ പാര്‍ലമെന്ററി ബോര്‍ഡുകളിലേക്കും ഓരോ വനിതാ ലീഗ് ഭാരവാഹികളെ കഴിഞ്ഞദിവസം നിയോഗിച്ചിരുന്നു.
Content Highlights: Muslim League`s decision to relax the three-term limit for local body elections sparks dissent within the Youth League, raising concerns about opportunities for new faces.