ശക്തികേന്ദ്രങ്ങളിൽപോലും തോൽവി ! എൽഡിഎഫ് തോറ്റതിന് കാരണങ്ങൾ കണ്ടെത്തി ഇന്റലിജൻസ്

കണ്ണൂർ: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുയർന്ന വിവാദം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ഇടതുമുന്നണിയിൽ നിന്ന് അകറ്റിയതായി ഇന്റലിജൻസ് റിപ്പോർട്ട്. സിപിഎം ശക്തികേന്ദ്രങ്ങളിൽപോലും എൽഡിഎഫിനുണ്ടായ തോൽവി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന എ.പദ്‌മകുമാറിന്റെയും എൻ.വാസുവിന്റെയും പേരിൽ സിപിഎം നടപടിയെടുക്കാത്തത് എൽഡിഎഫ് വിരുദ്ധ വികാരമുണ്ടാക്കി. അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നലിനും വഴിവെച്ചു. സ്ത്രീവോട്ടർമാരിലും അയ്യപ്പഭക്തരിലും ഇത് പ്രകടമായതായി റിപ്പോർട്ടിൽ പറയുന്നു.
ശബരിമലവിവാദം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് കരുതിയ പന്തളം നഗരസഭയിൽ എൽഡിഎഫിന് വിജയിക്കാൻ സാധിച്ചത് എൻഡിഎയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരായ വികാരം കൊണ്ടുമാത്രമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാനവ്യാപകമായി സിപിഎം സമരം നടത്തി ജനസമ്മതി നേടിയെങ്കിലും സമാന സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വേടന് സംസ്ഥാനസർക്കാർ പുരസ്കാരം നൽകി ആദരിച്ച ഇരട്ടത്താപ്പ് വ്യാപക വിമർശത്തിനിടയാക്കിയതായും റിപ്പോർട്ടിലുണ്ട്.
പ്രാദേശിക വിഷയങ്ങളും
എഡിഎം കെ.നവീൻബാബുവിന്റെ മരണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനം തുടങ്ങിയ പ്രാദേശിക വിഷയങ്ങളും തിരഞ്ഞെടുപ്പിൽ അതതിടങ്ങളിൽ പ്രതിഫലിച്ചെന്നും പറയുന്നു. ജില്ലകളിൽനിന്നുള്ള ക്രോഡീകരിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഇന്റലിജൻസ് ഡിജിപിക്ക് കൈമാറിയത്.
Content Highlights: kerala local body election ldf loss report