‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’; തിരഞ്ഞെടുപ്പ് തോൽവിയിൽ ക്യാപ്റ്റനെ ചൂണ്ടിപ്പറഞ്ഞ് സിപിഐ

#ബിജു പരവത്ത്
പിണറായി വിജയൻ, ബിനോയ് വിശ്വം | Photo: Mathrubhumi
പിണറായി വിജയൻ, ബിനോയ് വിശ്വം | Photo: Mathrubhumi

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ തേടിയുള്ള സിപിഐയുടെ അന്വേഷണം വെള്ളാപ്പള്ളിയിലും മുഖ്യമന്ത്രിയിലും ചെന്നുതറയ്ക്കുന്നു. സിപിഐയുടെ ഉൾപ്പാർട്ടി വിമർശനത്തെ വെള്ളാപ്പള്ളി ഏറ്റുപിടിച്ചതോടെ, ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’ എന്ന കടുത്തവാക്കിൽത്തന്നെ തിരിച്ചടിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നു.

‘‘കണ്ടാൽ ചിരിക്കുകയും കൈകൊടുക്കുകയും ചെയ്യുമെന്നല്ലാതെ വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്ന’’ ബിനോയ്‌യുടെ മറുപടിയിൽ അതിന്റെ മുന ചെന്നുകൊള്ളുന്ന നെഞ്ച് ആരുടേതാണെന്നതിന്റെ രാഷ്ട്രീയവും തെളിയുന്നു.

തിരഞ്ഞെടുപ്പുതോൽവിയുടെ യഥാർഥ കാരണങ്ങൾ എൽഡിഎഫിന് ഉൾക്കൊള്ളാനാകണം എന്നതാണ് സിപിഐയുടെ നിലപാട്. എന്നാൽ, തോൽവിയുടെ യഥാർഥകാരണമായി സിപിഐ കണ്ടെത്തിയ കാര്യങ്ങളൊന്നും സിപിഎമ്മിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നതാണ് വസ്തുത. ശബരിമല സ്വർണക്കൊള്ള, വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ചേർത്തുപിടിക്കുന്ന രീതി, മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത, സർക്കാരിനെതിരേ ജനവികാരമുണ്ട്, ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തുനിന്ന് അകന്നു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സിപിഐ കണ്ടെത്തിയിട്ടുള്ളത്.

ഇതിൽ പലതിനോടും യോജിപ്പുള്ളവർ സിപിഎമ്മിലുമുണ്ട്. വെള്ളാപ്പള്ളിയെ എന്തിന് മുഖ്യമന്ത്രി ഔദ്യോഗിക കാറിൽക്കയറ്റി ആഗോള അയ്യപ്പസംഗമ വേദിയിൽ കൊണ്ടുപോയി എന്നത് സിപിഎം നേതാക്കൾപോലും രഹസ്യമായി ചോദിക്കുന്നതാണ്? പക്ഷേ, വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ചുതന്നെ ആ കൂടെക്കൊണ്ടുപോകലിനെ മുഖ്യമന്ത്രി ന്യായീകരിച്ചുകഴിഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളായി ജയിലിൽക്കഴിയുന്ന സിപിഎം നേതാക്കളെ തള്ളിപ്പറയാൻ മടിക്കുന്നത് എന്തിനെന്ന സംശയവും സിപിഎമ്മിലുണ്ട്. പ്രതിയായ പത്മകുമാറിന്റേതടക്കം കുറ്റം എന്താണെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ ഇപ്പോൾ ഒരു നടപടിയും എടുക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞുകഴിഞ്ഞു.

സർക്കാർവിരുദ്ധവികാരമില്ലെന്നും ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തുനിന്ന് അകന്നിട്ടില്ലെന്നും സിപിഎം തീർപ്പിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഏകാധിപത്യരീതിയുണ്ടെന്നതും സിപിഎം അംഗീകരിക്കാൻ പോകുന്നില്ല. ഫലത്തിൽ തിരഞ്ഞെടുപ്പിലെ തോൽവി പഠിച്ച് സിപിഐ കണ്ടെത്തിയ കാര്യങ്ങളൊന്നും അവരുടെ പാർട്ടിവേദികൾക്കു പുറത്ത് ശബ്ദമാകില്ലെന്ന് ഏറക്കുറെ ഉറപ്പാണ്.

എൽഡിഎഫിലെ ചതിയൻചന്തുവാണ് സിപിഐ എന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിന്, അതേനാണയത്തിൽ ബിനോയ് വിശ്വം തിരിച്ചടിച്ചത് പാർട്ടിവികാരം പ്രകടിപ്പിക്കലാണ്. അത് വെള്ളാപ്പള്ളിക്ക് മാത്രമല്ല, സിപിഎമ്മിനും മുഖ്യമന്ത്രിക്കും ബോധ്യപ്പെടാനുള്ളതുകൂടിയാണ്.

തോൽവിയുടെ യഥാർഥകാരണം തിരിച്ചറിഞ്ഞാലേ തിരുത്തൽ സാധ്യമാകൂവെന്ന സിപിഐ മുന്നറിയിപ്പ്, മുന്നണിയിലെ സിപിഎം അടക്കമുള്ള കക്ഷികളെ ബോധ്യപ്പെടുത്താനുള്ള അടികൂടിയാണ് വെള്ളാപ്പള്ളിക്കുമേൽ ബിനോയ് നടത്തിയത്.

വെള്ളാപ്പള്ളിക്ക് കൈകൊടുക്കും, കാറിൽ കയറ്റില്ല -ബിനോയ് വിശ്വം

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അതിരൂക്ഷമായി വിമർശിച്ചും തള്ളിപ്പറഞ്ഞും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയെ ഉദ്ദേശിച്ച്, ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിനു മറുപടി നൽകുന്നതിനിടെ, ‘‘ചതിയൻ ചന്തുവിന്റെ തൊപ്പി ആയിരംവട്ടം ഇണങ്ങുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്കാണെന്ന്’’ ബിനോയ് വിശ്വം പറഞ്ഞു.

‘‘വെള്ളാപ്പള്ളി നടേശനെ കണ്ടാൽ ചിരിക്കും, കൈകൊടുക്കും. കാറിൽ കയറ്റില്ല.’’ പമ്പ അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി വന്നതിനെ പരാമർശിച്ചുള്ള ചോദ്യത്തിന് ബിനോയ് മറുപടി നൽകി. ‘‘ഇടതുമുന്നണിയിലെ പാർട്ടികൾക്കും അവരുടെ പ്രവർത്തനത്തിനും മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. ഏൽപ്പിക്കാൻ പോകുന്നുമില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’’ -ബിനോയ് വിശ്വം പറഞ്ഞു.

‘മുഖ്യമന്ത്രിക്കെതിരേ വിമർശനമുണ്ടായില്ല’

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സിപിഐ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരേ വിമർശനമുണ്ടായില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ, പാർട്ടി സെക്രട്ടറിയായ തനിക്കെതിരേയടക്കം വിമർശനമുണ്ടായി. ജനവിധി തലതാഴ്ത്തി അംഗീകരിക്കുകയും തെറ്റുകണ്ടാൽ തിരുത്തുകയും വേണം. ഈ ജനവിധി മുന്നറിയിപ്പാണ്. തെറ്റുതിരുത്തി മുന്നണി തിരിച്ചുവരും. ഇടതുസർക്കാരിന്റെ മൂന്നാമൂഴം ഉറപ്പാണ് -അദ്ദേഹം പറഞ്ഞു.

‌തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം തേടി ജനുവരി 15മുതൽ 30വരെ സിപിഐ പ്രവർത്തകർ വീടുകളിലെത്തുമെന്ന് ബിനോയ് പറഞ്ഞു.

കാറിൽ കയറിയതിൽ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി

മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റെന്നും താൻ അയിത്തജാതിക്കാരനാണോയെന്നും വെള്ളാപ്പള്ളി നടേശൻ. 10 വർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നവർ ചതിയൻ ചന്തുമാരാണ് -വെള്ളാപ്പള്ളി ശിവഗിരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘വീണ്ടും പിണറായി സർക്കാർ അധികാരത്തിൽ വരും. ഇനിയും അതുപറയാൻ തയ്യാറാണെ’ന്നും മുഷ്ടിചുരുട്ടി അദ്ദേഹം പറഞ്ഞു. 10 കൊല്ലം ഇവിടെ വർഗീയകലാപമുണ്ടായോ? കലാപം ഇനിയുമുണ്ടാകണോ? ശബരിമലയിൽ കൊള്ള നടത്തിയവർ ആരായാലും പിടിക്കപ്പെടണം. ജയിലിൽക്കിടക്കുന്ന പത്മകുമാർ കള്ളനാണെന്നു പണ്ടേ പറഞ്ഞിട്ടില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് വെള്ളാപ്പള്ളി പ്രകോപിതനായി. ‌ചോദ്യങ്ങൾക്കിടെ മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടിമാറ്റുകയും ചെയ്തു.

Content Highlights: kerala local body election cpm cpi analysis