സൂക്ഷിച്ചത് തുറസ്സായ സ്ഥലത്ത്, സാക്ഷരതാ മിഷന്റെ നൂറുകണക്കിന് പുസ്തകങ്ങൾ മഴയിൽ നശിച്ചു

മലപ്പുറം ടൗൺഹാൾ കെട്ടിടത്തിനു പുറത്ത് സൂക്ഷിച്ച സാക്ഷരതാമിഷൻ പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ മഴ നനഞ്ഞ്‌ നശിച്ചനിലയിൽ | ഫോട്ടോ: മാതൃഭൂമി
മലപ്പുറം ടൗൺഹാൾ കെട്ടിടത്തിനു പുറത്ത് സൂക്ഷിച്ച സാക്ഷരതാമിഷൻ പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ മഴ നനഞ്ഞ്‌ നശിച്ചനിലയിൽ | ഫോട്ടോ: മാതൃഭൂമി

മലപ്പുറം: തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരുന്ന സാക്ഷരതാമിഷൻ പാഠപുസ്തകങ്ങൾ മഴയിൽ നശിച്ചു. മലപ്പുറം മുനിസിപ്പൽ ടൗൺഹാളിനു പുറത്തു വെച്ചിരുന്ന നൂറുകണക്കിനു പുസ്തകങ്ങളാണ് ഒരാഴ്ചയ്ക്കിടെ പെയ്ത വേനൽമഴയിൽ നനഞ്ഞത്. ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് നൽകാനുള്ള പുസ്തകങ്ങളുടെ കെട്ടുകളാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് വെച്ചതുകാരണം നശിച്ചത്. മറ്റു ജില്ലകളിലെയടക്കം പഠിതാക്കൾക്ക് വിതരണംചെയ്യാനുള്ളതായിരുന്നു പുസ്തകങ്ങൾ.

സാക്ഷരതാമിഷന്റെ കീഴിൽ തിരൂർ ചെറിയമുണ്ടത്തെ ദേശീയ ഗവേഷണകേന്ദ്രത്തിലായിരുന്നു നേരത്തേ ഈ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിയതോടെ മലപ്പുറത്തെത്തിച്ചു. നഗരസഭയുടെ അനുമതിയോടെ താത്കാലികമായി ടൗൺഹാളിന്റെ ലൈബ്രറി ബ്ലോക്കിലേക്കാണു മാറ്റിയത്.

പുസ്തകങ്ങൾ ഇവിടെ കെട്ടിക്കിടന്നതിനാൽ പിഎസ്‌സി പരിശീലനത്തിനെത്തുന്ന കുട്ടികൾക്കടക്കം തടസ്സമായി. ലൈബ്രറിയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന നഗരസഭാ ചെയർമാന്റെ ആവശ്യപ്രകാരം മൂന്നാഴ്ച മുൻപാണ് സാക്ഷരതാമിഷൻ പുസ്തകങ്ങൾ പുറത്തേക്കു മാറ്റിയത്. പ്ലാസ്റ്റിക് ഷീറ്റിട്ട് പൊതിഞ്ഞിരുന്നെങ്കിലും കാറ്റിൽ ഷീറ്റ് മാറിയാണ് പുസ്തകങ്ങൾ മഴയിൽ കുതിർന്നത്. ഒരാഴ്ച മുൻപ് മഴ പെയ്തപ്പോൾത്തന്നെ പുസ്തകങ്ങൾ നനഞ്ഞിരുന്നു. തുടർന്ന് കുറച്ച് പുസ്തകങ്ങൾ മാറ്റി. മാധ്യമങ്ങളിൽ വാർത്തയായതോടെ ഞായറാഴ്ച അധികൃതർ ഇടപെട്ട് പുസ്തകങ്ങൾ മുഴുവനായും മാറ്റി. അപ്പോഴേക്കും ലക്ഷക്കണക്കിനു രൂപയുടെ പുസ്തകങ്ങൾ നശിച്ചിരുന്നു. പുസ്തകങ്ങൾ തിരുവനന്തപുരത്തെ സംസ്ഥാന സാക്ഷരതാമിഷനിലേക്ക് മാറ്റാൻ നീക്കം തുടരുന്നതിനിടെയാണ് മഴ നനഞ്ഞ്‌ നശിച്ചത്.

പുസ്തകങ്ങൾ മാറ്റിത്തരണമെന്ന് സംസ്ഥാന സാക്ഷരതാമിഷനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. പുസ്തകങ്ങൾ പുറത്തേക്കു മാറ്റിയശേഷം മഴ പെയ്താൽ നനയുമെന്ന കാര്യവും അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങൾ കയറ്റിയ വാൻ തടഞ്ഞ് എംഎസ്എഫ് പ്രവർത്തകർ അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധിച്ചു.

Content Highlights: Hundreds of kerala literacy mission textbooks stored outdoors in Malappuram were damaged by rain