ലൈഫ് പദ്ധതിയുൾപ്പെടെ ഭവനനിർമാണങ്ങളും ഇനി വിബി ജി റാംജിയിൽ ഏറ്റെടുക്കാം; അനുമതി നൽകി കേന്ദ്രം

പാലക്കാട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫടക്കമുള്ള ഭവനപദ്ധതിയിലെ വീടുകളുടെ നിർമാണവും ഇനി വിബി ജി റാംജിയിൽ ഏറ്റെടുക്കാം. വീടുനിർമാണത്തിനായി ചെലവഴിക്കുന്ന ദിവസങ്ങളെ വിബി ജി റാംജിയിലെ തൊഴിൽദിനങ്ങളായി കണക്കാക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുമതി നൽകി. സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യംകൂടി പരിഗണിച്ചാണ് കേന്ദ്രതീരുമാനം. കേരളത്തോടൊപ്പം തനതുഭവനപദ്ധതികളുള്ള മറ്റുസംസ്ഥാനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തേ, കേന്ദ്രഭവനപദ്ധതി (പി.എം.എ.വൈ.) മാത്രമാണ് തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ അനുമതിയുണ്ടായിരുന്നത്.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട വീട്ടുകാരെ തൊഴിലാളികളായി കണക്കാക്കിയാണ് ആനുകൂല്യം നൽകുന്നത്. ഇതിനാൽ, വീട്ടിലെ അംഗങ്ങൾക്ക് (ഭാര്യ, ഭർത്താവ്) വിബി ജി റാംജിയിൽ തൊഴിൽകാർഡ് ഉണ്ടായിരിക്കണം. വീടിന്റെ അടിത്തറ, തൂൺ-ചുമർ നിർമാണം, കോൺക്രീറ്റ് എന്നിങ്ങനെ നിർമാണത്തിന്റെ ഓരോഘട്ടത്തിലുമായി ആകെ 90 ദിവസങ്ങളാണ് അനുവദിക്കുക. ഇത്രയും ദിവസം വീട്ടുകാർ തൊഴിലുറപ്പുപണി ചെയ്തതായി കണക്കാക്കി ഇവർക്ക് കൂലി അനുവദിക്കും. മസ്റ്റർറോൾ ഒപ്പുവെക്കലടക്കമുള്ള എല്ലാ നടപടിക്രമങ്ങളും ഇവർ പാലിച്ചിരിക്കണം.
പി.എം.എ.വൈ. ഭവനപദ്ധതികളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ആദ്യംതന്നെ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. വിബി ജി റാംജിയിലും കേന്ദ്രഭവനപദ്ധതിയിലെ വീടുനിർമാണം തുടരും. എല്ലായിടത്തും തൊഴിൽകാർഡ് നിർബന്ധമാണ്. ഇതോടെ, വീട്ടുകാരുടെ സാമ്പത്തികച്ചെലവ് കുറഞ്ഞുകിട്ടുന്നതോടൊപ്പം തൊഴിൽസംരക്ഷണവും ഉറപ്പുവരുത്താൻ കഴിയും.
Content Highlights: Central Rural Development Ministry allows LIFE housing construction days to be counted as MGNREGS working days., Beneficiaries must possess a valid job card (husband and wife)., A total of 90 days are allocated across various construction phases like foundation, wall, and concrete work., Helps reduce financial burden and ensures wage support for home builders.