കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി, വലതുകണ്ണിന് താഴെ പരിക്ക്

കൊളത്തൂർ നെടുവോട്ട് വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയുടെ മുഖത്ത് പരിക്കേറ്റ നിലയിൽ| ഫോട്ടോ രാമനാഥപൈ \ മാതൃഭൂമി
കൊളത്തൂർ നെടുവോട്ട് വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയുടെ മുഖത്ത് പരിക്കേറ്റ നിലയിൽ| ഫോട്ടോ രാമനാഥപൈ \ മാതൃഭൂമി

പൊയിനാച്ചി: കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കൊളത്തൂർ നിടുവോട്ടെ എം.ജനാർദനന്റെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് ഞായറാഴ്ച രാത്രി ഒൻപതോടെ നല്ല വലുപ്പമുള്ള പുലി അകപ്പെട്ടത്.

പുലിയുടെ വലതുകണ്ണിന് താഴെ മുറിവുണ്ട്. കഴിഞ്ഞദിവസമാണ് നിടുവോട്ട് കൂട് സ്ഥാപിച്ചത്. നായയെ കൂട്ടിൽ കെട്ടിയിരുന്നു. ഞായറാഴ്ച രാത്രി നായയുടെ കരച്ചിൽ കേട്ട് പരിസരവാസികൾ ഓടിയെത്തിയ പ്പോഴാണ് കൂട്ടിൽപ്പെട്ട പുലിയെ കണ്ടത്.

ഫെബ്രുവരി നാലിന് രാത്രിയിൽ കൊളത്തൂർ മടന്തക്കോട് ഗുഹയിൽ കുടുങ്ങിയ ഒരുപുലി മയക്കുവെടിവെക്കാനുള്ള വനംവകുപ്പ് അധികൃതരുടെ ശ്രമത്തിനിടെ രക്ഷപ്പെട്ടിരുന്നു. അതിനുശേഷം വിളക്കുമാടം, ആയംകടവ്, പെനയാൽ, ശങ്കരങ്കാട് ഭാഗങ്ങളിൽ പുലിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് കളവയൽ, പെനയാൽ എന്നിവിടങ്ങളിൽ കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

പലയിടങ്ങളിലും വളർത്തുനായകളെയടക്കം പുലി പിടിച്ചിരുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. പ്രദേശത്ത് ഒന്നിൽ കൂടുതൽ പുലിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുലി കൂട്ടിലായ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് രാത്രി നിടുവോട്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി. സംഘവും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ പുലിയെ രാത്രി തന്നെ സ്ഥലത്തുനിന്ന് മാറ്റി. കൂട് മൂടിയാണ് പുലിയെ വാഹനത്തിനടുത്തേക്ക് എത്തിച്ചത്. ഇതോടെ നാട്ടുകാർ പുലിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു.

തുടർന്ന് മറനീക്കി പുലിയെ കാണിച്ചശേഷം വനം വകുപ്പിന്റെ പള്ളത്തുങ്കാൽ ഓഫീസിലേക്ക് കൊണ്ടുപോയി. പരിക്കുള്ളതിനാൽ പുലിക്ക് ഇവിടെ ചികിത്സ നൽകും.

Content Highlights: A leopard was trapped in a cage set by the Forest Department in Kolathur, Kerala