മൂന്ന് രാജന്മാർ, ഒരു രാജ; ജോഡിയായി ജോയിയും മുരളീധരനും; സഭയിലെ കൗതുകങ്ങൾ

#പ്രത്യേക ലേഖകൻ
നിയമസഭ
നിയമസഭ

തിരുവനന്തപുരം: ഇത്തവണ സഭയിൽ മൂന്ന് രാജന്മാരുണ്ട്. കെ. രാജൻ, കാരായി രാജൻ, രാജൻ ജെ. പല്ലൻ. കൂടാതെ ഈ ‘രാജ’കുടുംബത്തിൽ പെടുത്താവുന്ന എഫ്. രാജയും. ദേവികുളത്തുനിന്ന് എ. രാജയെ തോൽപ്പിച്ചെത്തിയാണ് എഫ്. രാജ കടവുളിൻ പേരിൽ തമിഴിൽ സത്യപ്രതിജ്ഞചെയ്തത്.

കഴിഞ്ഞസഭയിൽ ഇനിഷ്യൽപോലും മാറ്റമില്ലാത്ത ഒരേ പേരുകാരുണ്ടായിരുന്നു. തൃപ്പൂണിത്തുറയിൽനിന്ന് എത്തിയ കോൺഗ്രസ് അംഗം കെ. ബാബുവും നെൻമാറയിൽനിന്നുള്ള സി.പി.എം അംഗം കെ. ബാബുവും. തിരിച്ചറിയാനായി ഈ ബാബുമാരെ സ്ഥലപ്പേര് ചേർത്താണ് വിളിച്ചിരുന്നത്. ഇത്തവണ ഇങ്ങനെയൊരു ഐക്യപ്പെടൽ ഇല്ലെങ്കിലും പേരിലെ സാമ്യങ്ങൾ കൗതുകകരമാണ്.

ഈ സഭയിൽ ഇനിഷ്യലിൽ മാത്രം മാറ്റമുള്ള രണ്ടു ജോഡികളുണ്ട്. കെ. മുരളീധരനും വി. മുരളീധരനും. വി. ജോയിയും വി.എസ്. ജോയിയും. സുമേഷുമാരും രണ്ടുണ്ട്. സി.പി.എമ്മിൽനിന്നുള്ള കെ.വി. സുമേഷും കോൺഗ്രസിലെ സുമേഷ് അച്യുതനും. ഇവർ തമ്മിൽ പേരിലെ അടുപ്പത്തിനുപുറമേ വേറെയും സാമ്യമുണ്ട്. രണ്ടുപേരും സത്യപ്രതിജ്ഞചെയ്തത് ദൈവനാമത്തിലല്ല, സഗൗരവമാണ്. പി.കെ. പ്രവീണും കെ. പ്രവീൺകുമാറും തമ്മിൽ അല്പംകൂടി അകലമുണ്ട്. അതേ അകലമേ കെ. പ്രേമനും കെ. പ്രേംകുമാറും തമ്മിലുള്ളൂ.

മുതിർന്ന അംഗം രമേശ് ചെന്നിത്തലയും പുതുമുഖം രമേശ് പിഷാരടിയും ഒരേപക്ഷത്താണ്. ചെങ്ങന്നൂരിൽനിന്ന് മുൻ മന്ത്രി സജി ചെറിയാൻ വീണ്ടും എത്തിയപ്പോൾ കുട്ടനാട്ടുനിന്ന് റെജി ചെറിയാൻ പുതുമുഖമായെത്തി. മന്ത്രി ഷിബു ബേബി ജോൺ ചവറയിൽനിന്നാണെങ്കിൽ ഷിബു തെക്കുംപുറം കോതമംഗലത്തുനിന്നാണ്.

കഴിഞ്ഞസഭയിൽ പി. രാജീവ് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അതുപോലൊരു പേരുകാരൻ രാജീവ് ചന്ദ്രശേഖറാണ്. എം.വി. ഗോവിന്ദൻ ഇല്ലാത്ത സഭയിൽ അദ്ദേഹത്തിനെതിരേ പടനയിച്ച് തളിപ്പറമ്പിൽനിന്നുതന്നെവന്ന ടി.കെ. ഗോവിന്ദനായിരുന്നു സത്യപ്രതിജ്ഞാദിനത്തിലെ താരങ്ങളിലൊന്ന്.

Content Highlights: Analysis of unique name patterns among 2026 Kerala Legislative Assembly members., Highlighting MLAs with identical or similar names across different parties., Observations on oath-taking styles linked to specific name groups., Comparison of veteran members and newcomers with similar naming conventions.