ഭര്‍ത്താവിനെയും മകളെയും ഉരുളെടുത്തു; മകനെ ജീവനോടെ കിട്ടിയത് ചെളിയില്‍ പുതഞ്ഞനിലയില്‍

#സന്തോഷ് വാസുദേവ്
കണ്ണിലുണ്ട് മായാതെ... മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട രമ്യയും മകൻ അവ്യക്തും മുണ്ടൂരിലുള്ള വീട്ടിൽ. അപകടത്തിൽ ഭർത്താവ് മഹേഷ്, മകൾ ആരാധ്യ, ഭർത്തൃ മാതാപിതാക്കളായ വാസു, ഓമന എന്നിവരെ നഷ്ടപ്പെട്ടു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട മകൻ അവ്യക്ത് മുണ്ടൂർ ഹൈസ്കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് | പി.പി. രതീഷ്
കണ്ണിലുണ്ട് മായാതെ... മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട രമ്യയും മകൻ അവ്യക്തും മുണ്ടൂരിലുള്ള വീട്ടിൽ. അപകടത്തിൽ ഭർത്താവ് മഹേഷ്, മകൾ ആരാധ്യ, ഭർത്തൃ മാതാപിതാക്കളായ വാസു, ഓമന എന്നിവരെ നഷ്ടപ്പെട്ടു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട മകൻ അവ്യക്ത് മുണ്ടൂർ ഹൈസ്കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് | പി.പി. രതീഷ്

പാലക്കാട്: കഴിഞ്ഞ കര്‍ക്കടകത്തിലെ കാര്‍ത്തിക നാളില്‍ ചൂരല്‍മലയിലെ ഭൂമി പൊട്ടിയൊലിച്ചപ്പോള്‍ രമ്യയും മകനും ഒറ്റയ്ക്കായി. ഭര്‍ത്താവ് മഹേഷും മകള്‍ ആരാധ്യയും ഭര്‍ത്താവിന്റെ അച്ഛന്‍ വാസുവും അമ്മ ഓമനയും മണ്ണില്‍ മറഞ്ഞു. ഒരുവര്‍ഷത്തിനിപ്പുറം ഓര്‍മ്മകളുടെ വേദനകളെ സഹനശക്തികൊണ്ട് നേരിടുകയാണ് രമ്യ.

കഴുത്തിനു താഴെ എല്ലിനുപകരം ഇരുമ്പുപ്ലേറ്റ്. കാലിലും മുഖത്തും കൈയിലും ശസ്ത്രക്രിയയുടെ പാടുകള്‍. ചൂരല്‍മലയില്‍ ഒരുവര്‍ഷം മുന്‍പുണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രമായി മുണ്ടൂര്‍ കയറംകോടം ചവിട്ടുപറമ്പില്‍ ആര്‍. രമ്യയുടെ ശരീരത്തിലും മനസ്സിലും മറക്കാനാവാത്ത പാടുകളുണ്ട്. ആ കുടുംബത്തില്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത് രമ്യയും ഒന്‍പതു വയസ്സുള്ള മകന്‍ അവ്യക്തും മാത്രം.

''വീട്ടില്‍ മക്കളിരുവരും ചേര്‍ന്നുള്ള കളിചിരികളായിരുന്നു എപ്പോഴും. സദാ ബഹളമയം. ഒരുവര്‍ഷമായി ഞാനും മകനും ഒറ്റയ്ക്കാണ്''- കണ്ണുനീര്‍ പുറത്തുവരാതിരിക്കാന്‍ പാടുപെട്ട് രമ്യ പറഞ്ഞു. രണ്ടുമാസമായി അച്ഛന്‍ കെ.എന്‍. രാമചന്ദ്രനും അമ്മ പ്രേമയ്ക്കും അനുജന്‍ ആര്‍. ലിജിനുമൊപ്പമാണ് രമ്യയും മകന്‍ അവ്യക്തും താമസം. അവ്യക്തിനെ മുണ്ടൂര്‍ സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ ചേര്‍ത്തു.

മഹേഷിനും മകള്‍ക്കുമൊപ്പം രാത്രി ഉറങ്ങാന്‍ കിടന്നതാണ് രമ്യ. ''ഒരു ശബ്ദംപോലും കേട്ടില്ല. രക്ഷപ്പെടാന്‍ ഒരവസരവും കിട്ടിയില്ല''- ദുരന്തത്തിന്റെ ഓര്‍മ്മകള്‍ വിങ്ങലോടെ രമ്യ അയവിറക്കുന്നു. പിറ്റേന്നു രാവിലെ രക്ഷാപ്രവര്‍ത്തകരാണ് രമ്യയെ വയനാട് വിംസ് ആശുപത്രിയിലെത്തിച്ചത്. ഭര്‍ത്താവും മകളും ഉരുളില്‍ മറഞ്ഞ കാര്യം ദിവസങ്ങള്‍ക്കുശേഷമാണറിഞ്ഞത്.

വീട്ടിലെ മറ്റൊരു മുറിയില്‍ മഹേഷിന്റെ അച്ഛനമ്മമാരോടൊപ്പം ഉറങ്ങിയ അവ്യക്തിനെ ചെളിയില്‍ പുതഞ്ഞനിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഇരുവരും ഒരുമാസത്തോളം ആശുപത്രിയിലായിരുന്നു. മേപ്പാടിയിലെ വാടകവീട്ടിലെത്തിച്ചശേഷവും മാസങ്ങളോളം ചികിത്സ തുടര്‍ന്നു. മഹേഷിന്റെയും അമ്മയുടെയും ശരീരങ്ങള്‍ ഡിഎന്‍എ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ആരാധ്യയുടെ ശരീരം ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല. തിരിച്ചറിയാത്തവരുടെ പട്ടികയില്‍ ഒരു പേര് ആരാധ്യയുടേതാണ്.

10 മാസത്തിനുശേഷം രമ്യയും മകനും മുണ്ടൂരിലെ കുടുംബവീട്ടിലെത്തി. വാടകയ്ക്കു താമസിക്കുന്ന സമയത്ത് ആ ഇനത്തിലേക്ക് സര്‍ക്കാരില്‍നിന്ന് മാസം ആറായിരം രൂപ കിട്ടിയിരുന്നു. ചെലവിലേക്ക് അന്നുമുതല്‍ മാസം 9,000 രൂപ കിട്ടുന്നുണ്ട്. നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയ എട്ടുലക്ഷം രൂപകൊണ്ട് കയറംകോടത്ത് നാലുസെന്റ് ഭൂമിവാങ്ങി. സന്നദ്ധസംഘടനകള്‍ ഇവിടെ വീടുവെച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

വയനാട്ടില്‍ ഇവര്‍ക്ക് 50 സെന്റ് ഭൂമിയും വീടുമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥലം തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. അതിലൂടെ ഇപ്പോള്‍ പുഴയൊഴുകുകയാണ്.

വേണം, രമ്യയ്ക്കൊരു ജോലി

ദുരന്തത്തിന്റെ ഓര്‍മ്മകളില്‍നിന്ന് പിടിച്ചുകയറണം, മകനെ നന്നായി പഠിപ്പിക്കണം. ഇതാണിപ്പോള്‍ രമ്യയുടെ സ്വപ്നം. ഇതു സാധ്യമാക്കാന്‍ സ്വന്തം കാലില്‍നില്‍ക്കാന്‍ രമ്യയ്ക്കൊരു ജോലി വേണം. അതിനുള്ള ശ്രമത്തിലാണിപ്പോള്‍. മലമ്പുഴ ഐടിഐയില്‍ ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍ കോഴ്സ് പാസായിട്ടുള്ള രമ്യ പിന്നീട് അക്കൗണ്ടിങ് കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്കു കാത്തുനില്‍ക്കുമ്പോഴാണ് ദുരന്തമുണ്ടാകുന്നത്.

കഴിഞ്ഞയാഴ്ച കര്‍ക്കടകത്തിലെ മറ്റൊരു കാര്‍ത്തിക നാളില്‍ വയനാട് പൊന്‍കുഴി ശ്രീരാമക്ഷേത്രത്തിലെത്തി രമ്യയും മകനും ഉറ്റവര്‍ക്കായി ബലിയിട്ടു. വയനാട്ടില്‍ ഇപ്പോഴുള്ളത് വാടകവീട്ടില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ ജ്യേഷ്ഠനും കുടുംബവും മാത്രം.

''ഇനി വയനാട്ടിലേക്കു പോകുന്നത് കഴുത്തിലെ പ്ലേറ്റെടുക്കാന്‍ ശസ്ത്രക്രിയയ്ക്കായി മാത്രം''- രമ്യ പറഞ്ഞുനിര്‍ത്തി.

Content Highlights: A year after a devastating landslide in Kerala, a mother recounts her struggle for survival