കെ.എസ്.ആർ.ടി.സി.ക്ക് 1000 ആഡംബര ബസുകൾ വാഗ്ദാനംചെയ്ത് കർണാടകയിലെ കമ്പനി; വ്യവസ്ഥകൾ തടസ്സമായി

#ബിജു പരവത്ത്
KSRTC bus. Photo Sreejith P Raj
KSRTC bus. Photo Sreejith P Raj

തിരുവനന്തപുരം: സ്വകാര്യബസ്സുകൾ വാടകയ്ക്കെടുക്കാനുള്ള കെ.എസ്.ആർ.ടി.സി. തീരുമാനത്തിനു പിന്നാലെ 1000 പുതിയ ആഡംബരബസ്സുകൾ വാഗ്ദാനംചെയ്ത് കർണാടകയിലെ സ്വകാര്യകമ്പനി. കിലോമീറ്റർ നിരക്കിൽ പുതിയ വാഹനങ്ങളും ഡ്രൈവറും നൽകാമെന്നാണ് അറിയിച്ചത്. ഗതാഗതമന്ത്രിയുമായി കമ്പനി പ്രതിനിധികൾ ചർച്ചനടത്തി. കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ഇവർ ബസുകൾ നൽകുന്നുണ്ട്.

വ്യവസ്ഥകൾ അറിയിക്കാമെന്ന ധാരണയിലാണ് ചർച്ച അവസാനിച്ചത്. പിന്നാലെ, ബസ് വാടകയ്ക്ക് എടുക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി. ടെൻഡർ വിളിച്ചു. എന്നാൽ, ഒരു വർഷത്തേക്കെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് വിലയിരുത്തി കമ്പനി ടെൻഡറിൽ പങ്കെടുത്തില്ല. ഒരു വർഷത്തേക്കുമാത്രമായി ബസ്സുകളിറക്കുന്നത് സുരക്ഷിതമാവില്ലെന്നാണ് നിലപാട്. കരാർ പുതുക്കുമെന്ന് കെ.എസ്.ആർ.ടി.സി. വാക്കാൽ അറിയിക്കുന്നുണ്ടെങ്കിലും ടെൻഡറിൽ വ്യവസ്ഥയില്ല. കരാർ വെക്കുമ്പോൾ ഇതുൾപ്പെടുത്താമെന്നാണ് ഉറപ്പ്.

കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലേക്കുമായി എ.സി. സീറ്റ്, സ്ലീപ്പർ ബസുകളാണ് വാടകയ്ക്കെടുക്കുന്നത്. രണ്ടുബസ്സെങ്കിലും നൽകാൻ കഴിയുന്നവരോടാണ് കിലോമീറ്റർ നിരക്ക് ഉൾപ്പെടുത്തി ടെൻഡർ ആവശ്യപ്പെട്ടത്. എട്ടുവർഷത്തിൽ താഴെ പഴക്കമുള്ള ബസ്സുകളാവണം. അറ്റകുറ്റപ്പണി, ടയർ, ബാറ്ററി, എ.സി. എന്നിവയുടെ പരിപാലനം ഉടമ നിർവഹിക്കണം. സ്ലീപ്പർ ബസുകൾക്ക് ബെഡ് റോൾ, പുതപ്പ്, തലയണ എന്നിവഉടമ നൽകണം. ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. നിയമപരമായ ബാധ്യതകളും നഷ്ടപരിഹാരങ്ങളും ഉടമ ഏറ്റെടുക്കണം എന്നിവയാണ് വ്യവസ്ഥകൾ. ഓരോ ബസിനും പ്രതിമാസം 3000 കിലോമീറ്റർ ഓട്ടം കെ.എസ്.ആർ.ടി.സി. ഉറപ്പാക്കും. സമയത്ത് ബസ് നൽകിയില്ലെങ്കിൽ പിഴചുമത്തും.

Content Highlights: Kerala ksrtc collaborates with Karnataka firm to rent 1000 luxury buses, offering new vehicles and drivers at a kilometer rate.