'കേരള ഹൗസിൽനിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയി'; ഡൽഹി പോലീസിൽ പരാതി

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
ഡല്‍ഹി കേരള ഹൗസ് | Photo: Screengrab/ MBI News
ഡല്‍ഹി കേരള ഹൗസ് | Photo: Screengrab/ MBI News

ന്യൂഡൽഹി: കേരള ഹൗസിലെ നിയമവിഭാഗത്തിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് ഡൽഹി പോലീസിൽ പരാതി. നിയമവിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് തിലക് മാർഗ് പോലീസിൽ പരാതി നൽകിയത്. അഡിഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. രേഖകൾ മോഷ്ടിച്ചുവെന്ന് കാട്ടിയാണ് പോലീസിൽ പരാതി.

കേരള ഹൗസിലെ നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ മോഷ്ടിക്കപ്പെട്ടതായാണ് ഡൽഹി പോലീസിൽ നൽകിയിരിക്കുന്ന പരാതിയിലെ പ്രധാന ആരോപണം. കേരള ഹൗസിലെ നിയമവിഭാഗം മേധാവിയായിരുന്ന അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്സിനെ കഴിഞ്ഞ മാസം അഞ്ചാംതീയതി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഗുരുതരമായ കൃത്യവിലോപം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവ് ഇറങ്ങിയതിന് ശേഷം പലതവണ അനുമതിയില്ലാതെ നിയമവിഭാഗത്തിലെ ഓഫീസിലേക്ക് ഗ്രാൻസി പ്രവേശിച്ചതായാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ നിലവിൽ കാണാനില്ലെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇത് ഗ്രാൻസി മോഷ്ടിച്ചുവെന്ന് സംശയിക്കുന്നതായാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചില ഫയലുകൾ, സത്യവാങ്മൂലങ്ങൾ എന്നിവ കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടുവെങ്കിലും അത് കൈമാറിയില്ല. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഉൾപ്പെടെ നിർദേശിച്ചിട്ടുള്ളതിനാലാണ് ഫയലുകൾ കൈമാറാത്തതെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.

ബലംപ്രയോഗിച്ച് ഓഫീസിൽ അതിക്രമിച്ചുകടന്നു, തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി, ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു, കാർക്കിച്ച് തുപ്പി തുടങ്ങിയ ആരോപണങ്ങളും ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി തന്റെ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കേരള ഹൗസിലെ നിയമ വിഭാഗത്തിലെ ഔദ്യോഗിക രേഖകൾ ഇനിയും മോഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ പോലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും വിവിധ ട്രിബ്യുണലുകളിലുമുള്ള കേസുകളുടെ സുപ്രധാനമായ പല രേഖകളും സൂക്ഷിച്ചിരിക്കുന്നത് കേരള ഹൗസിലെ നിയമ വിഭാഗത്തിലാണ്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ രേഖകളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനിൽക്കുകയാണ്. കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ നിലവിലെ സാഹചര്യങ്ങൾ തിരുവനന്തപുരത്തെ നിയമ, പൊതുഭരണ വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർവൃത്തങ്ങൾ ഇതിനോട് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായില്ല.

Content Highlights: A formal police complaint has been lodged in Delhi alleging the theft of official legal documents and an attendance register from the Kerala House legal department by an Additional Law Secretary.