കോഴിയിറച്ചി നിയന്ത്രണം: ‘ബ്രാൻഡഡ് സ്ഥാപനങ്ങളിൽ പരിശോധനയില്ല’; ആലപ്പുഴയിൽ ഹോട്ടലുകളടച്ച് പ്രതിഷേധം

ആലപ്പുഴ: പക്ഷിപ്പനിബാധയെത്തുടർന്ന് ഹോട്ടലുകളിൽ കോഴിയിറച്ചിക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ പ്രതിഷേധം ശക്തമാക്കി കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ. ചൊവ്വാഴ്ച ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എച്ച്.ആർ.എ.യുടെ പ്രതിഷേധം. ജില്ലയിലെ 1,500 ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകും.
പക്ഷിപ്പനിയെത്തുടർന്ന് ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ജില്ലാ ഭരണകൂടം കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിൽപ്പന നിരോധിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് കെ.എച്ച്.ആർ.എ. ആവശ്യപ്പെട്ടത്.
ഇതിന് അനുമതി തേടി കളക്ടറുമായി ചർച്ച നടത്തിയിരുന്നു. അനുകൂല നിലപാടുണ്ടാകാത്തതിനാലാണു സമരം. നിലവിലെ നിരോധനം ബുധനാഴ്ച അവസാനിക്കും. അന്ന്, ജില്ലാ ഭരണകൂടം ഈ നിരോധനം നീട്ടിയാൽ തുടർസമരം ശക്തമാക്കാനാണ് തീരുമാനം.
അതേസമയം വൻകിട ബ്രാൻഡഡ് സ്ഥാപനങ്ങളുടെ ഫ്രൈഡ് ചിക്കൻ വിൽപ്പനകേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചിട്ടില്ലെന്ന് ആരോപണവുമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ. ഇവിടങ്ങളിൽ വിൽപ്പന നടക്കുന്നു. അവർക്ക് എന്താണ് നിയമം ബാധകമാകാത്തതെന്ന് അധികൃതർ വ്യക്തമാക്കണം. പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് നിശ്ചിത കാലയളവിൽ താറാവുകൃഷിക്കു നിരോധനം ഏർപ്പെടുത്തണമെന്ന് കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് നാസർ ബി. താജ്, സെക്രട്ടറി മനാഫ് എസ്. കുബാബ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Content Highlights: Bird Flu Restrictions Spark Hotel Strike in Alappuzha: Kerala Hotel Association Protests Chicken Ban