ബീഫ് ഫ്രൈയും പൊറോട്ടയും വാങ്ങുമ്പോൾ ഗ്രേവി ഫ്രീയല്ല! പരാതി നിലനിൽക്കില്ലെന്ന് ഉത്തരവ്

പൊറാട്ട
പൊറാട്ട

കൊച്ചി : ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി (ചാറ്) സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കില്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. എറണാകുളം സ്വദേശി കോലഞ്ചേരിയിലെ ഹോട്ടലിനെതിരേ നൽകിയ പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരനും സുഹൃത്തും 2024 നവംബറിൽ റസ്റ്ററന്റിൽ ബീഫ് ഫ്രൈയും പൊറോട്ടയും കഴിക്കാനെത്തി. ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടർന്ന് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി. സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയത്തിലില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. പിന്നീടാണ് കമ്മിഷനെ സമീപിച്ചത്.

സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്റ്ററന്റ് വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

Content Highlights: Kerala consumer complaint against a hotel for not providing free gravy with beef fry and porotta