ആരോഗ്യരംഗം മാറ്റാൻ രൂപരേഖ അവതരിപ്പിച്ചത് 1500 കോടിയുടെ അഴിമതി ആരോപണം നേരിട്ടയാൾ; യോഗച്ചെലവ് ‘സ്പോൺസർ’ വക?

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യനയം പൊളിച്ചെഴുതാൻ രൂപവത്കരിച്ച ’കേരള ഹോളിസ്റ്റിക് മാതൃക’ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനരൂപരേഖ അവതരിപ്പിച്ചത് യു.പി. മുൻ ചീഫ് സെക്രട്ടറി ദീപക് സിംഘൽ. ലഖ്നൗവിലെ 1,500 കോടിയുടെ ഗോമതി റിവർഫ്രണ്ട് പദ്ധതി ക്രമക്കേടിൽ ആരോപണവിധേയനാണ് അദ്ദേഹം. സിംഘൽ അവതരിപ്പിച്ച 46 പേജുള്ള രേഖ മാതൃഭൂമിക്കു ലഭിച്ചു. മുഖ്യമന്ത്രി ചെയർമാനായ 16 അംഗ സമിതിയിൽ അംഗമായ അദ്ദേഹത്തിന് ആരോഗ്യമേഖലയുമായുള്ള ബന്ധമെന്തെന്ന് രേഖകളിലൊന്നും വ്യക്തമാക്കുന്നില്ല.
അഖിലേഷ് യാദവ് സർക്കാർ 2015-ൽ തുടങ്ങിയ റിവർ ഫ്രണ്ട് പദ്ധതിക്കാലത്ത് ജലസേചനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സിംഘൽ. 2017-ൽ യോഗി ആദിത്യനാഥ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ഇതിൽ ക്രമക്കേടുകൾ കണ്ടെത്തി. മുൻ ചീഫ് സെക്രട്ടറി ആലോക് രഞ്ജനെയും സിംഘലിനെയും കമ്മിഷൻ കുറ്റപ്പെടുത്തി. സി.ബി.ഐ.യും ഇ.ഡി.യും കേസെടുത്തു. 189 പേരെ പ്രതിചേർത്ത് 2021-ൽ സി.ബി.ഐ. രണ്ടാം എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു.
കേസുകളിലൊന്നിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വിമർശനവും ഉയർന്നിരുന്നു.
ആരോഗ്യവകുപ്പിന്റെ വിവരങ്ങൾ രേഖയിൽ
സംസ്ഥാനത്ത് ഉപകേന്ദ്രങ്ങളിൽ 22 ശതമാനവും സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ 35 ശതമാനവും കുറവുണ്ടെന്ന് അവതരണരേഖയിൽ പറയുന്നു. 134 സർക്കാർ ആശുപത്രികളിലായി 225-ലേറെ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നും രേഖയിലുണ്ട്. വിവരങ്ങൾ സർക്കാർതന്നെ കൈമാറിയതാണ്.
യോഗച്ചെലവ് വഹിച്ചത് വ്യവസായി?
അംഗങ്ങളുടെ ചെലവ് സർക്കാർ വഹിക്കുമെന്നാണ് രൂപവത്കരണ നിർദേശത്തിലുള്ളത്. എന്നാൽ, യോഗച്ചെലവ് വഹിച്ചത് അംഗമായ ഒരു വ്യവസായിയാണെന്നും വിവരമുണ്ട്. സ്വകാര്യ ആശുപത്രി, ലാബ്, ആയുർവേദ സ്ഥാപന മേധാവികളായ അഞ്ചുപേർ സമിതിയിലുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ’അടിയന്തരം’ എന്ന് രേഖപ്പെടുത്തി കൈമാറിയ ഫയലിൽ 11 ദിവസത്തിനകമാണ് ഉത്തരവിറങ്ങിയത്.
എങ്ങനെയെത്തിയെന്ന് വെളിപ്പെടുത്തണം
സ്വകാര്യവത്കരണത്തിന്റെ അജൻഡയാണിത്. അഴിമതി ആരോപണം നേരിടുന്ന യു.പി. മുൻ ചീഫ് സെക്രട്ടറിയെ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടുത്തിയത് ദുരൂഹമാണ്. ഇക്കാര്യം സർക്കാർ വിശദീകരിക്കണം.
-എം.വി. ഗോവിന്ദൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി
Content Highlights: Former UP Chief Secretary Deepak Singhal presented the draft for Kerala's Holistic Model Task Force., Singhal is accused of corruption in Lucknow's Gomti Riverfront project by CBI and ED., Draft document reveals massive shortages in Kerala's health sub-centres and community health centres., CPIM State Secretary MV Govindan demanded an explanation from the government regarding his inclusion.