ഹർത്താൽ ആഹ്വാനംചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടിവരും

#ന്യൂസ് ഡെസ്ക്ക്
കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ - സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ - സി. സുനിൽകുമാർ / മാതൃഭൂമി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ റാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഇടപെടൽ. ഇക്കാര്യത്തിൽ കോടതി സർക്കാരിനോട് വിശദീകരണംതേടി. വൈകീട്ട് മൂന്നരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുന്ന കോടതി, വാഹനങ്ങൾ തടയരുതെന്ന് നിർദേശിക്കുകയും ചെയ്തു.

രോഗികളുമായി കടന്നുപോയ വാഹനങ്ങൾവരെ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടുകയുംചെയ്തു. കേസ് പരിഗണിക്കുന്ന മൂന്നരയ്ക്ക് സർക്കാർ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയിൽ വിശദീകരിക്കേണ്ടിവരും.

ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യം നടത്തിയതായും കോടതി വിലയിരുത്തി. ഇതോടെ ഹർത്താലിന് ആഹ്വാനം ചെയ്തവർ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയക്കാൻ നിർദേശം നൽകി.

Content Highlights: Kerala HC initiates suo motu case against hartal organizers